മന്ത്രി കെടി ജലീല്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല; വിവാദങ്ങള്‍ക്ക് കാരണം ലീഗിന്റെ അസഹിഷ്ണുത: കോടിയേരി ബാലക്യഷ്ണന്‍

Posted on: November 10, 2018 10:32 am | Last updated: November 10, 2018 at 12:47 pm

കോഴിക്കോട്: മന്ത്രി കെടി ജലീലിനെ വ്യക്തിഹത്യ നടത്തി പ്രതിച്ഛായ നശിപ്പിക്കാനുള്ള മുസ്്‌ലിം ലീഗിന്റെ ശ്രമത്തിന്റെ ഭാഗമാണ് ബന്ധുനിയമന വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. ഇക്കാര്യത്തില്‍ നിയമപരമായ ലംഘനമുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നടന്നത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ്. ഒരു ബേങ്ക് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനില്‍ നിയമിച്ചുവെന്നെയുള്ളു . ഇക്കാര്യത്തില്‍ മന്ത്രി തെറ്റ് ചെയ്തിട്ടില്ല. മുസ്്‌ലിം സമുദായത്തില്‍ മന്ത്രി ജലീലിനുള്ള സ്വീകാര്യതയിലുള്ള ലീഗിന്റെ അസഹിഷ്ണുതയാണ് വിവാദങ്ങള്‍ക്ക് കാരണം. ബിജെപി വര്‍ഗീയത കളിക്കുന്നതുപോലെത്തന്നെ തിരഞ്ഞെടുപ്പ് കാലത്ത് മുസ്്‌ലിം ലീഗും വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.