സൃഷ്ടികളില്‍ അത്യുത്തമര്‍

ആദരവായ മുഹമ്മദ് നബി(സ)യുടെ വിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മറ്റു വിശേഷണങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ അപദാനമാണ് 'അശ്‌റഫുല്‍ ഖല്‍ഖ്' അഥവാ സൃഷ്ടികളില്‍ അത്യുത്തമര്‍ എന്നത്. അല്ലാഹു ഈ ലോകത്ത് നല്‍കിയ മഹത്വങ്ങള്‍ക്കും പ്രത്യേകതകള്‍ക്കുമെല്ലാം മുകളിലാണ് നബി(സ) തങ്ങളുടെ സ്ഥാനമെന്ന് ഈ പ്രശംസാ വചനം സൂചിപ്പിക്കുന്നു.
Posted on: November 10, 2018 8:30 am | Last updated: November 9, 2018 at 10:30 pm

ആദരവായ മുഹമ്മദ് നബി(സ)യുടെ വിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മറ്റു വിശേഷണങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ അപദാനമാണ് ‘അശ്‌റഫുല്‍ ഖല്‍ഖ്’ അഥവാ സൃഷ്ടികളില്‍ അത്യുത്തമര്‍ എന്നത്. സ്രഷ്ടാവായ അല്ലാഹു ഈ ലോകത്ത് ആര്‍ക്കൊക്കെ എന്തൊക്കെ മഹത്വങ്ങളും പ്രത്യേകതകളും നല്‍കിയോ അതിന്റെയെല്ലാം മുകളിലാണ് തിരുനബി(സ)യുടെ സ്ഥാനമെന്ന് ഈ പ്രശംസാ വചനം സൂചിപ്പിക്കുന്നു. അവിടുത്തെ തിരുനാമങ്ങളത്രയും പ്രശംസാ വാക്കുകളാണ്. മുഹമ്മദ്, അഹ്മദ്, ശാഹിദ്, ഫാതിഹ്, ശാഫീ, നദീര്‍, ദാഈ തുടങ്ങി ഒരുപാട് പേരുകള്‍. അവയെ എല്ലാം ഉള്‍ക്കൊള്ളുന്നു അശ്‌റഫുല്‍ ഖല്‍ഖ് എന്ന വിശേഷണം.

മുത്ത് നബി(സ)യുടെ പ്രകാശമാണ് അല്ലാഹു ആദ്യം പടച്ചത്. ആകാശവും ഭൂമിയും മറ്റനന്ത ഗോളങ്ങളും തുടങ്ങി എല്ലാം ഈ നൂറില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. ജാബിര്‍(റ)വില്‍ നിന്ന് ഹാഫിള് അബ്ദുര്‍റസാഖ് ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: നബി(സ)യോട് ചോദിച്ചു. എല്ലാറ്റിനും മുമ്പായി അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് എന്താണ്? നബി(സ) മറുപടി പറഞ്ഞു. നിന്റെ നബിയുടെ പ്രകാശമാണ് അല്ലാഹു ആദ്യം പടച്ചത്. ആ പ്രകാശം അല്ലാഹു ഉദ്ദേശിച്ചിടത്തെല്ലാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍, ലൗഹ്, ഖലം, സ്വര്‍ഗം, നരകം, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, മലക്ക്, ജിന്ന്, ഇന്‍സ് തുടങ്ങിയ ഒന്നും ഉണ്ടായിരുന്നില്ല. (അല്‍ മവാഹിബ്, ഇമാം ഖസ്തല്ലാനി)
അപ്പോള്‍ പ്രപഞ്ചത്തിലെ ആദ്യ സൃഷ്ടിയായി അല്ലാഹു തിരഞ്ഞെടുത്തത് നബി(സ) തങ്ങളെയാണ്. അവസാനം നിയോഗിക്കപ്പെടുന്ന പ്രവാചകനെ പ്രപഞ്ചത്തിലെ ആദ്യ സൃഷ്ടിയായി തിരഞ്ഞെടുത്തതിലൂടെ ലോകത്തിന്റെ നായകന്‍ പദവി നബി(സ)ക്കാണെന്ന് പഠിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതോടൊപ്പം സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ നബി(സ)ക്ക് മുമ്പ് വിവിധ കാലങ്ങളിലും ദേശങ്ങളിലും നിയുക്തരായ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം വരുന്ന പ്രവാചകന്മാരെല്ലാം പദവിയില്‍ നബിക്ക് താഴെയുള്ളവരും നബി(സ)യുടെ നേതൃത്വം അംഗീകരിച്ചവരും അവിടുത്തെ സഹായിക്കാമെന്ന് അല്ലാഹുവിനോട് കരാര്‍ ചെയ്തവരുമായിരുന്നു. ഇത് ഖുര്‍ആന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഇസ്‌റാഅ്- മിഅ്‌റാജിന്റെ രാവില്‍ ബൈത്തുല്‍ മുഖദ്ദസില്‍ മുഴുവന്‍ പ്രവാചകന്മാരെയും അല്ലാഹു ഹാജരാക്കുകയും അവര്‍ക്ക് ഇമാമായി നബി(സ)യെ നിസ്‌കരിപ്പിക്കുകയും ചെയ്തതിലൂടെ ‘ഇമാമുല്‍ അമ്പിയാഅ്'(പ്രവാചകന്മാരുടെ നേതാവ്) എന്ന സ്ഥാനം അവിടുത്തേക്കുണ്ടെന്ന് അല്ലാഹു വ്യക്തമാക്കുകയായിരുന്നു.

അപ്പോള്‍ അമ്പിയാക്കന്മാര്‍ക്ക് നബി(സ) ഇമാമാണെന്ന് വരുമ്പോള്‍ ജനങ്ങള്‍ക്ക് നബിതങ്ങള്‍ എന്തുകൊണ്ടും നേതൃപദവിയുള്ളവരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശ്വാസികള്‍ക്ക് നബി, റസൂല്‍ എന്നീ തലങ്ങളോടൊപ്പം നബി(സ)യുടെ നിയോഗവും ആഗമനവും അല്ലാഹു ചെയ്ത ഏറ്റവും വലിയ അനുഗ്രഹമായും സന്തോഷമായും ആണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘റഹ്മത്തുന്‍ ലില്‍ ആലമീന്‍’ എന്നാണ് നബി(സ) അല്ലാഹു വിശേഷിപ്പിച്ചത്. പാപങ്ങള്‍ ചെയ്തവര്‍ നബി(സ) തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് നബി അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നതോടെ അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു.

മുത്തു നബിയുടെ അടുത്ത് വെച്ച് ശബ്ദമുയര്‍ത്തുന്നത് സത്കര്‍മങ്ങളെല്ലാം പൊളിഞ്ഞുപോകാന്‍ കാരണമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ പ്രവാചകന്മാരും സാധാരണക്കാരും അടങ്ങുന്ന മനുഷ്യകുലത്തില്‍ നബി(സ)ക്കുള്ള സ്ഥാനവും മഹത്വവും വളരെ വലുതാണെന്നാണ് ഖുര്‍ആന്‍ പാഠം.

മറ്റു വസ്തുക്കളുടെയും അവസ്ഥ ഇത് തന്നെയാണ്. നബി(സ)യുടെ ‘ശറഫ്’ സകല ചരാചരങ്ങള്‍ക്കും അല്ലാഹു അറിയിച്ചുകൊടുത്തിട്ടുണ്ട്. താന്‍ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ എന്നെ കാണുമ്പോള്‍ സലാം പറയുന്ന കല്ലിനെ എനിക്കറിയാമെന്ന് നബി പറഞ്ഞത് ഹദീസിലുണ്ട്. മരങ്ങള്‍ നബിക്ക് തണല്‍ നല്‍കിയതും തങ്ങള്‍ക്കടുത്തേക്ക് ചലിച്ചുവന്ന് മറയായി നിന്നതും നബി(സ)യുടെ സ്പര്‍ശനം നഷ്ടപ്പെട്ട മദീനയിലെ ഈന്തപ്പന തടി കരഞ്ഞതും നബി(സ) അശ്‌റഫുല്‍ ഖല്‍ഖാണെന്ന് വ്യക്തമാക്കുന്നു.