Connect with us

Gulf

വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ശ്രദ്ധയാകര്‍ഷിച്ച് ശുറൂഖ്

Published

|

Last Updated

ഷാര്‍ജ: ലോകത്തെ ഏറ്റവും വിനോദസഞ്ചാര മേളയായ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ മിന്നും താരമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). ഉത്തരവാദ ടൂറിസത്തിന്റെയും പൈതൃക കാഴ്ചകളുടെയും ആഡംബര സൗകര്യങ്ങളുടെയും അപൂര്‍വ പ്രദര്‍ശനങ്ങളാണ് ശുറൂഖ് മേളയിലൊരുക്കിയത്.
പ്രവാസികളുടെയും വിദേശ സഞ്ചാരികളുടേയുമെല്ലാം മനസ്സില്‍ ഇടം പിടിച്ച ഷാര്‍ജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഷാര്‍ജ കോമേഴ്സ് ആന്‍ഡ് ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഷാര്‍ജ പവലിയനിലാണ് പ്രദര്‍ശിപ്പിച്ചത്.

ചരിത്രകാഴ്ചകളുടെയും മരുഭൂ അനുഭവങ്ങളുടെയും സമ്മേളനമായ മെലീഹ ആര്‍ക്കിയോളജി കേന്ദ്രം, ഷാര്‍ജ നഗരത്തിലെ പച്ചത്തുരുത്തായ അല്‍ നൂര്‍ ദ്വീപ്, അല്‍ മുന്‍തസ പാര്‍ക്ക് തുടങ്ങിയ കാഴ്ചകള്‍ മാധ്യമപ്രവര്‍ത്തകരെയും സന്ദര്‍ശകരെയും ഒരേപോലെ വിസ്മയിപ്പിച്ചു. ഷാര്‍ജയിലെ ഏറ്റവും പുതിയ വിശേഷങ്ങളായ കല്‍ബ കിങ്ഫിഷര്‍ ലോഡ്ജ്, അല്‍ ബഡായര്‍ ഒയാസിസ് പദ്ധതി, അല്‍ ഫായ ലോഡ്ജ് തുടങ്ങിയ ആഡംബര വിനോദപദ്ധതികളും മേളയില്‍ അവതരിപ്പിച്ചിരുന്നു. പ്രകൃതിവിഭവങ്ങളും സാംസ്‌കാരിക മൂല്യങ്ങളും മുറുകെപ്പിടിച്ചു തന്നെ ലോക വിനോദസഞ്ചാര ഭൂപടത്തിലെ തിളക്കമാര്‍ന്ന അടയാളപ്പെടുത്തലാകുന്ന ഷാര്‍ജയുടെ വിനോദസഞ്ചാര കാഴ്ചപ്പാടിന് മികച്ച പ്രതികരണങ്ങളാണ് മേളയിലുടനീളം ലഭിച്ചത്.

2021 ഓടെ പത്തു മില്യണ്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യം വെക്കുന്ന ഷാര്‍ജയുടെ വിനോദസഞ്ചാര മേഖലയിലെ വമ്പന്‍ മുന്നേറ്റങ്ങളുടെ സൂചന കൂടിയാണ് വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിലെ ശുറൂഖിന്റെ പ്രകടനം. ഷാര്‍ജ കോമേഴ്സ് ആന്‍ഡ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാര മേഖലയില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഷാര്‍ജയ്ക്ക് സാധിച്ചിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശുറൂഖിന്റെയടക്കം നേതൃത്വത്തില്‍ നടക്കുന്നത്.

പ്രവാസി സമൂഹത്തിനും വിനോദസഞ്ചാര മേഖലയിലെ തൊഴിലന്വേഷകര്‍ക്കും ഒരുപോലെ ശുഭസൂചന നല്‍കുന്നതാണ് രാജ്യാന്തര വിനോദസഞ്ചാര മേഖലയില്‍ ഷാര്‍ജ നടത്തുന്ന ഈ മുന്നേറ്റം. ഷാര്‍ജയിലെ കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളര്‍ച്ചയും പുതിയ പദ്ധതികളും വ്യാപാരികളടക്കമുള്ള ചെറുകിട നിക്ഷേപകര്‍ക്കും പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.