കാലിഫോര്‍ണിയയിലെ നിശാ ക്ലബില്‍ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

Posted on: November 8, 2018 4:49 pm | Last updated: November 8, 2018 at 7:27 pm

തൌസന്‍ഡ് ഓക്‌സ്: കാലിഫോര്‍ണിയയില്‍ തൗസന്‍ഡ് ഓക്‌സ് അതിര്‍ത്തിയിലെ നിശാ ക്ലബില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയെ പിന്നീട് വെടിവെച്ചു കൊന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ഡെപ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രാത്രി 11.30ഓടെയാണ് നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്ന തൌസന്‍ഡ് ഓക്‌സിലെ ക്ലബില്‍ മുഖം പാതി മറച്ചെത്തിയയാള്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ ടെയ്‌ലര്‍ വിറ്റ്‌ലര്‍ പോലീസിനോടു പറഞ്ഞു. പോലീസെത്തിയ സമയത്തും വെടിവെപ്പ് നിലച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിനടുത്തു നില്‍ക്കുകയായിരുന്ന കാവല്‍ക്കാരനെ വെടിവെച്ച ശേഷം തോക്കുധാരി ക്ലബിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്തത്. ജനലുകള്‍ വഴിയും മറ്റുമാണ് പലരും രക്ഷപ്പെട്ടത്.