മന്ത്രി ജലീലിനെതിരായ ആരോപണം അടിസ്ഥാന രഹിതം; നിയമനം ചട്ടപ്രകാരം: എപി അബ്ദുല്‍ വഹാബ്

Posted on: November 8, 2018 1:26 pm | Last updated: November 8, 2018 at 1:26 pm

കോഴിക്കോട്: ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനില്‍ വഴിവിട്ട് ബന്ധുവിനെ നിയമിച്ചെന്ന മന്ത്രി കെടി ജലീലിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ.എപി അബ്ദുല്‍ വഹാബ്. മന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്എസ്ആര്‍ 1958 9 ബി പ്രകാരമാണ് ഡെപ്യൂട്ടേഷന്‍ നടക്കുന്നത്. മന്ത്രി ബന്ധുവായ അദീബിന്റെ നിയമനം സര്‍ക്കാര്‍ ചട്ടങ്ങളനുസരിച്ചാണെന്നും വഹാബ് വ്യക്തമാക്കി. യുഡിഎഫിന്റെ ഭരണകാലത്തും സൗത്ത് ഇന്ത്യന്‍ ബേങ്കില്‍നിന്നുള്ളവരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിട്ടുണ്ട്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന ഹനീഫ പെരിഞ്ചീരി സഹകരണ ബേങ്കില്‍നിന്നാണ് ഡെപ്യൂട്ടേഷനില്‍ വന്നത്. അര്‍ഹമായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീബിനെ നിയമിച്ചതെന്നും വഹാബ് പറഞ്ഞു