യുവാവ് കാറിടിച്ച് മരിച്ച സംഭവം: ഡിവൈഎസ്പിക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Posted on: November 7, 2018 7:40 pm | Last updated: November 8, 2018 at 11:43 am

തിരുവനന്തപുരം: വാക്ക് തര്‍ക്കത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഹരികുമാര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ ഒരു സംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ഡിവൈഎസ്പി പിടിച്ചുതള്ളിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍ മറ്റൊരു കാറിടിച്ച് മരിച്ചത്. നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ എത്തിയ ഡിവൈഎസ്പിയുടെ കാറിന് തടസ്സമായി സനലിന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇതുസംബന്ധിച്ച വാക്കു തര്‍ക്കതിനിടെ ഡിവൈഎസ്പി സനലിനെ റോഡിലേക്ക് പിടിച്ചുതള്ളുകയും ഈ സമയം ഇതുവഴി വന്ന വാഹനം സനലിന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. സനലിന്റെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡിവൈഎസ്പി ശ്രമിച്ചിരുന്നില്ല.