തെളിയുന്നത് മതേതര സഖ്യത്തിന്റെ കരുത്ത്

കര്‍ണാടകയില്‍ ബി ജെ പിയുടെ ശക്തിദുര്‍ഗമായി കണക്കാക്കിവരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലം പോലും പാര്‍ട്ടിയെ കൈയൊഴിഞ്ഞിരിക്കുന്നു. എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേളയില്‍ യാഥാര്‍ഥ്യമായതും കര്‍ണാടകയില്‍ നിന്ന് തുടങ്ങിവെച്ചതുമായ വിശാല മതേതര സഖ്യത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
Posted on: November 7, 2018 1:55 pm | Last updated: November 7, 2018 at 4:32 pm

ബി ജെ പിക്ക് കര്‍ണാടകയില്‍ ഇനി തിരിച്ചുവരവ് എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നതാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം. ശക്തിയാര്‍ജിച്ച് വരുന്ന കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് മുന്നില്‍ ബി ജെ പിയുടെ പല ഉരുക്കുകോട്ടകളും നിഷ്പ്രഭമായി തീരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. നേതൃത്വം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ബി ജെ പിയുടെ ശക്തിദുര്‍ഗമായി കണക്കാക്കിവരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലം പോലും പാര്‍ട്ടിയെ കൈയൊഴിഞ്ഞിരിക്കുന്നു. ഉറച്ച സീറ്റായിരുന്ന ബെല്ലാരി മണ്ഡലം പിടിക്കാന്‍ ബി ജെ പി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെ കളത്തിലിറക്കിയിട്ടും ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു. ബി ജെ പി സിറ്റിംഗ് സീറ്റായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പ വന്‍ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലെത്തിയിരിക്കുന്നത്.

മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയായിട്ട് പോലും ജനപിന്തുണ ആര്‍ജിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബി ജെ പിക്കെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ഉഗ്രപ്പ ലീഡ് നിലനിര്‍ത്തിയത്. മണ്ഡലത്തില്‍ ഇതുവരെ ആരും നേടാത്ത റെക്കോര്‍ഡ് ഭൂരിപക്ഷം.
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയര്‍ന്നപ്പോള്‍ തന്നെ പരാജയ ഭീതിയിലായിരുന്നു ബി ജെ പി നേതൃത്വം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് ആദ്യം രംഗത്ത് വന്നത് പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ ഒഴിവുള്ള മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ബി ജെ പി പ്രതീക്ഷിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം ശേഷിക്കെ രാമനഗരയില്‍ ബി ജെ പി സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ സംഭവവും അവസാന നിമിഷം അവര്‍ക്ക് കനത്ത ആഘാതമുണ്ടാക്കി. പ്രചാരണരംഗത്ത് അത്രയൊന്നും സജീവമാകാത്ത ബി ജെ പിക്ക് രാമനഗര നിയമസഭാ മണ്ഡലത്തില്‍ അവസാന നിമിഷം കനത്ത തിരിച്ചടി നേരിട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടിനുദാഹരണമാണ്. ഇവിടുത്തെ ബി ജെ പി സ്ഥാനാര്‍ഥി എല്‍ ചന്ദ്രശേഖര്‍ ബി ജെ പിയുടെ നിലപാടുകളില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേളയില്‍ യാഥാര്‍ഥ്യമായതും കര്‍ണാടകയില്‍ നിന്ന് തുടങ്ങിവെച്ചതുമായ വിശാല മതേതര സഖ്യത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ദേശീയ തലത്തില്‍ ബി ജെ പി അധികാരത്തിലെത്താതിരിക്കാന്‍ ബി ജെ പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുമായി യോജിച്ച് കോണ്‍ഗ്രസ് രൂപപ്പെടുത്തിയെടുത്ത വിശാല സഖ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് ഉപതിരഞ്ഞെടുപ്പിലൂടെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലേറുന്നത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്‍കൈയെടുത്ത് ജനതാദള്‍ എസുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയായത്. സഖ്യത്തെ തകര്‍ക്കാനും കോണ്‍ഗ്രസ്- ജെ ഡി എസ് ഭരണത്തെ താഴെയിറക്കാനുമായിരുന്നു ഇക്കാലയളവില്‍ ബി ജെ പി ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാനും ഇതിലൂടെ ഭരിക്കാനുള്ള ഭൂരിപക്ഷം ഒപ്പിക്കാനും ബി എസ് യെദ്യൂരപ്പയും കൂട്ടരും നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഫലം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും കൂടുതല്‍ പാര്‍ട്ടികളെ അണിനിരത്തി വിശാല പ്രതിപക്ഷ ഐക്യം ശക്തമാക്കിക്കൊണ്ട് അധികാരത്തിലെത്താനുമുള്ള പ്രചോദനമാണ് കര്‍ണാടകയിലെ ഇപ്പോഴുണ്ടായിരിക്കുന്ന ജനവിധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. വര്‍ഗീയ ഫാസിസവും ധ്രുവീകരണവും നടത്തി ജനങ്ങളുടെ വോട്ടുകള്‍ തട്ടാനുള്ള ബി ജെ പി ധാര്‍ഷ്ട്യമാണ് ഇതിലൂടെ അസ്ഥാനത്തായിരിക്കുന്നത്. പണമൊഴുക്കി അധികാരം പിടിക്കുകയെന്നതായിരുന്നു കര്‍ണാടകയില്‍ ബി ജെ പി എക്കാലവും മുന്നോട്ട് വെച്ചിരുന്ന അജന്‍ഡ. കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട ബി ജെ പി രാഷ്ട്രീയ മര്യാദകളെല്ലാം കാറ്റില്‍പറത്തിയാണ് കഴിഞ്ഞ നാളുകളില്‍ കളം നിറഞ്ഞ് കളിച്ചത്.

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടകയില്‍ അധികാരം ഉറപ്പിക്കാന്‍ ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാണം കെട്ട കളികളാണ് നടത്തിയത്. അതിനുള്ള തിരിച്ചടിയായി വേണം ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍. തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യം തകര്‍പ്പന്‍ വിജയമാണ് നേടിയത്. മാണ്ഡ്യ, ശിവമോഗ, ബല്ലാരി ലോക്‌സഭാ മണ്ഡലങ്ങൡലക്കും രാമനഗര, ജാമഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ശിവമോഗയും ബല്ലാരിയും ബിജെപിയുടെ സിറ്റിംഗ് സീറ്റൂകളാണ്. മാണ്ഡ്യയും രാമനഗരയും ജനതാദളിന്റെയും ജാമഖണ്ഡി കോണ്‍ഗ്രസിന്റെയും സിറ്റിംഗ് സീറ്റാണ്. തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ക്ക് പുറമെ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യം നല്ല മുന്നേറ്റമാണ് കാഴ്ച വെച്ചത്.

ഉപതിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യം മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസും ദളും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയക്കൊടി പാറിക്കാന്‍ സാധിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കായിരുന്നു നേട്ടമെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യത്തിലും ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ബി ജെ പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ അധാര്‍മികതയും വര്‍ഗീയ പ്രത്യയശാസ്ത്രവും ഫാസിസ്റ്റ്‌സമീപനവും ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കാഴ്ച വെച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നേടിയിട്ടുള്ള വിജയം.