നെയ്യാറ്റിന്‍കര സംഭവം: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് ചെന്നിത്തല

Posted on: November 7, 2018 10:40 am | Last updated: November 7, 2018 at 12:58 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും ഇയാളെ ഉടന്‍ പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കര ചിറത്തലവിളാകത്തു വീട്ടില്‍ പരേതനായ സോമരാജന്‍- രമണി ദമ്പതികളുടെ മകന്‍ സനല്‍കുമാര്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്തര്‍ക്കത്തിനിടെയാണ് സനല്‍കുമാറിനെ ഡി വൈ എസ് പി നടുറോഡിലേക്ക് തള്ളിയിട്ടത്. റോഡില്‍ വീണ സനല്‍കുമാറിനെ എതിരെ വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം റോഡിലൂടെ കാര്‍ വരുന്നതുകണ്ട് അതിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവമുണ്ടായതിന് പിന്നാലെ ഹരികുമാര്‍ ഒളിവിലാണ്. റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.