‘സമനില തെറ്റി’: ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി


Posted on: November 6, 2018 6:00 am | Last updated: November 6, 2018 at 7:13 am

കൊച്ചി: തുടർച്ചയായ നാലു സമനിലകൾക്കൊടുവിൽ കൊമ്പന്മാർക്ക് സ്വന്തം കളിമുറ്റത്ത്  ‘അടിതെറ്റി’. ആറാം മത്സരത്തിൽ കരുത്തരായ ബെംഗളുരു എഫ് സിക്കെതിരെ സെൽഫ് ഗോളാണ് കേരളത്തിന് കെണിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ തോൽവി വഴങ്ങി. ആദ്യപകുതിയിൽ ബെംഗളൂരുവിനായി ക്യാപ്റ്റൻ സുനിൽ ഛേത്രിയും (17), ബ്ലാസ്റ്റേഴ്സിനായി സ്ലാവിസ സ്റ്റോയനോവിച്ചും (30, പെനൽറ്റി) ലക്ഷ്യം കണ്ടപ്പോൾ, രണ്ടാം പകുതിയിൽ സെർബിയൻ താരം നിക്കോള ക്രമാരവിച്ച് (80) വഴങ്ങിയ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു.

ഇനി ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെ കൊച്ചിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

അഞ്ചു മൽസരങ്ങളിൽനിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്സി, 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആദ്യ തോവൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, ആറു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനതത്ത് തുടരുന്നു.