യുവത്വം ഫേസ്ബുക്ക് ലോഗൗട്ട് ചെയ്യുന്നു

സ്റ്റാറ്റസ്‌
Posted on: November 4, 2018 7:32 pm | Last updated: November 4, 2018 at 7:32 pm

ഫേസ്ബുക്ക് ഇല്ലാത്ത ഒരു കാലം ഇനി സങ്കല്‍പ്പിക്കാന്‍ കഴിയുമോ? കഴിയും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. യുവാക്കള്‍ ഫേസ്ബുക്കിനെ കൈവിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ 85 ശതമാനം യുവാക്കളും യൂട്യൂബ് ഉപയോഗിക്കുന്നവരാണെന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 51 ശതമാനം യുവാക്കള്‍ മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അതേസമയം, ഫേസ്ബുക്കിന്റെ മറ്റൊരു സേവനമായ ഇന്‍സ്റ്റാഗ്രാം യുവാക്കള്‍ ഉപയോഗിക്കുന്നുണ്ട്; 72 ശതമാനം പേര്‍. കൗമാരക്കാരില്‍ 69 ശതമാനമാണ് സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറും 73 ശതമാനം പേരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചത്. ഈ വര്‍ഷം അത് 95 ശതമാനമായി വര്‍ധിച്ചെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍, ഇവരില്‍ 45 ശതമാനമേ നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളൂ.

രാഷ്ട്രീയം, വംശീയത, മതകാര്യങ്ങള്‍ എന്നിവയുടെ അതിപ്രസരമാണ് അമേരിക്കന്‍ യുവത്വത്തിന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയില്‍ താത്പര്യം നഷ്ടപ്പെടുന്നത് എന്നാണ് പ്യൂ സര്‍വേയുടെ പഠനം പറയുന്നത്. അതായത് ഇത് മുതിര്‍ന്നവരുടെ വേദിയായി കൗമാരക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍, ടെക് കമ്പനി എന്ന നിലയില്‍ ഈ കൊഴിഞ്ഞുപോക്ക് ഫേസ്ബുക്കിന് അനുഗ്രഹമെന്നാണ് പഠനം പറയുന്നത്. കാരണം പടിയിറങ്ങുന്ന യുവാക്കള്‍ നിലയുറപ്പിക്കുന്നത് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിലാണ്.

അമേരിക്കയിലെ 743 കൗമാരക്കാരെ അടിസ്ഥാനമാക്കിയാണ് പ്യൂ സര്‍വേ നടത്തിയത്. ഇതില്‍ അഞ്ച് ശതമാനം വരെ തെറ്റുണ്ടാകാമെന്നും കമ്പനി പറയുന്നുണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ 2015ല്‍ നടത്തിയ പഠനത്തില്‍ 71 ശതമാനമായിരുന്നു ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം. നേരത്തെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം 52ഉം സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നവരുടെത് 41ഉം ശതമാനമായിരുന്നു.

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്. ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണുള്ളത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും യോജിപ്പിക്കുവാന്‍ സാധിക്കാറുണ്ട്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കിന്, 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 118 കോടി ഉപയോക്താക്കളുണ്ട്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കക്ക് പുറത്താണ് എന്നതാണ് മറ്റൊരു വസ്തുത.

30,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവരാണ് 70 ശതമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കള്‍. 75,000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവര്‍ 36 ശതമാനം മാത്രമാണെന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. അതായത് കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള വീടുകളിലെ യുവാക്കളാണ് ഫേസ്ബുക്കില്‍ സജീവം. എന്നാല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ നേരത്തെയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ യുവാക്കള്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു എന്ന് ഈ കണക്കുകള്‍ വെച്ച് പറയാന്‍ കഴിയില്ല. എങ്കിലും, അമേരിക്കയില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള 51 ശതമാനം പേര്‍ മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ എന്നത് ഞെട്ടിക്കുന്നതാണ്.

അതിജീവിക്കുക ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും
ഇന്ത്യയില്‍ ഉപയോഗം കുറവാണെങ്കിലും ആഗോളതലത്തില്‍ ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റുമാണ് ജനകീയം. സാമൂഹികമാധ്യമമെന്ന നിലക്ക് ഭാവിയില്‍ അതിജീവിക്കുക ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും മെസ്സഞ്ചറുമായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്‍സ്റ്റാഗ്രാമിനെ നൂറ് കോടി ഡോളര്‍ മുടക്കി ഫേസ്ബുക്ക് സ്വന്തമാക്കിയത് 2012ലാണ്. അന്ന് അത്രയ്‌ക്കൊന്നും ജനകീയമല്ലാതിരുന്ന ഇന്‍സ്റ്റഗ്രാം വാങ്ങാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത് ഈ രംഗത്ത് ഭാവിയില്‍ മത്സരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പിന്നീട് വാട്‌സാപ്പും ഇതേ ഉദ്ദേശ്യത്തോടെ ഫേസ്ബുക്കിന്റെ ഭാഗമായി. എന്നാല്‍, ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും മുന്നേറുമ്പോള്‍ ഫേസ്ബുക്കിനെ ഉപയോക്താക്കള്‍ കൈവിടുന്ന കാലം വിദൂരമല്ലെന്നാണ് സൂചനകള്‍. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെയാണ് ഫേസ്ബുക്കിന്റെ ഗ്രാഫ് താഴേക്ക് പതിക്കാന്‍ തുടങ്ങിയത്. സുരക്ഷാ വീഴ്ചയാണ് ഫെയ്‌സ്്ബുക്കിനെ കൈവിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും. പുറമെ, ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചാരണവും വ്യാജവാര്‍ത്തകളുടെ പ്രചാരണവും സ്വീകാര്യത കുറയ്ക്കുന്നു.

ഫേസ്ബുക്കിന്റെ സ്വീകാര്യത തകര്‍ന്നടിയാമെന്ന് അതിന്റെ ആദ്യകാല ചരിത്രമെഴുതിയ ഡേവിഡ് കിര്‍ക്്പാട്രിക്ക് 2010ല്‍ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ആയുധമാക്കുന്നുവെന്നത് അതിനെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്നും പരസ്യദാതാക്കള്‍ പിന്മാറാന്‍ തുടങ്ങുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. ആ പ്രവണത തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഫേസ്ബുക്കിന്റെ സമീപകാല പ്രകടനം വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഫേസ്ബുക്കിന്റെ വരുമാനം 5500 കോടി ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ വരുമാനത്തില്‍ മറ്റ് ആപ്പുകളുടെ പങ്ക് കൂടിവരികയാണെന്നാണ് സൂചന. നിലവില്‍ ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തില്‍ 16 ശതമാനവും ഇന്‍സ്റ്റാഗ്രാമിന്റെ സംഭാവനയാണ്. 2020 ആകുന്നതോടെ, ഇത് 25 ശതമാനമായി ഉയരുമെന്നാണ് സൂചന. പരസ്യദാതാക്കള്‍ ഫേസ്ബുക്കിനെക്കാളും പ്രാധാന്യത്തോടെ കാണുന്നത് ഇന്‍സ്റ്റാഗ്രാമിനെയാണെന്ന് ഇ മാര്‍ക്കറ്റര്‍ അനലിസ്റ്റ് ഡ്‌ബ്രെ അഹോ വില്യംസണ്‍ പറയുന്നു. പല ബ്രാന്‍ഡുകളുടെയും പ്രധാന പ്രചാരണോപാധി ഇന്‍സ്റ്റാഗ്രാമായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കിനേക്കാള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായി വരുന്നുണ്ടെന്നും സമീപഭാവിയില്‍ സമൂഹമാധ്യമങ്ങളില്‍ ആധിപത്യം ഉറപ്പിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
.