തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് 15 വര്‍ഷം ശിക്ഷ ലഭിക്കുന്ന കുറ്റം

Posted on: November 3, 2018 8:38 pm | Last updated: November 3, 2018 at 8:39 pm

ദമ്മാം: തൊഴിലാളിയുടെ മേല്‍ ആധ്യപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചുവെക്കുന്നത് പത്ത് ലക്ഷം റിയാല്‍ വരേ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു.

തൊഴിലാളിയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, അല്ലെങ്കില്‍ കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഉദ്ദേശ്യത്തോടെ തൊഴിലുടമ പാസ്‌പോര്‍ട്ട് സൂക്ഷിക്കല്‍ മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വ്യക്തിയെ, ഉപയോഗിക്കല്‍, തടഞ്ഞുവെക്കല്‍, കടത്തി കൊണ്ടുപോകല്‍ എല്ലാം മനുഷ്യ കച്ചവടത്തില്‍ പെടും.
തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കല്‍ നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ സൂക്ഷിക്കുന്നത് വിരോധമുണ്ടാവില്ലന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.