Connect with us

Gulf

ഹജ്ജ്: പ്രവാസികള്‍ക്ക് പ്രത്യേകം ക്വാട്ട അനുവദിക്കാന്‍ ആവശ്യപ്പെടും; കരിപ്പൂരില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കെട്ടിടം- സി മുഹമ്മദ് ഫൈസി

Published

|

Last Updated

ഇന്ത്യന്‍ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ കേരള ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി സംസാരിക്കുന്നു.

അബുദാബി: കോഴിക്കോട് ഹജ്ജ് ഹൗസില്‍ ഏഴ് കോടി രൂപ ചെലവില്‍ സ്ത്രീകള്‍ക്കായി പ്രത്യേക
കെട്ടിടം നിര്‍മ്മിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ഇന്ത്യന്‍ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഒരേസമയം 500 സ്ത്രീകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേക ക്വാട്ട ആവശ്യപ്പെടുമെന്നും പ്രവാസികള്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി ഒരു മാസമാക്കി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ മൂന്ന്് മാസം മുമ്പ് സമര്‍പ്പിക്കണമായിരുന്നു.

യുഎഇയില്‍നിന്ന് ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന ലീവ് നീട്ടിക്കൊടുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന യുഎഇ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. ഹജ്ജ് ഹൗസില്‍ വിപുലമായ ലൈബ്രറി സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലയിലും തിരുവനന്തപുരത്ത് സഊദി കോണ്‍സുലേറ്റ് സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വഴി സമ്മര്‍ദം ചെലുത്തും. ഹജ്ജ് സബ്‌സിഡി പുനഃസ്ഥാപിക്കാനായി ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടില്ലെന്നും സ്വമേധയാ പുനഃസ്ഥാപിച്ചാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഒന്നിലേറെ തവണ ഉംറ നിര്‍വഹിക്കുന്നവരില്‍നിന്ന് 2000 റിയാല്‍ ഈടാക്കുന്നത് ഒഴിവാക്കാന്‍ സഊദിയോട് ആവശ്യപ്പെടും. സഊദിയില്‍ പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് പുതുതായി ആരംഭിച്ച അതിവേഗ തീവണ്ടി സേവനമായ ഹറമൈന്‍ ട്രെയിന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും. ഹജ്ജുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യപ്രകാരം ഉത്തരേന്ത്യയിലെ ഹജ്ജ് വൊളണ്ടിയേഴ്‌സിന് ആവശ്യമായ പരിശീലനം കേരളത്തില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഐ എം എ പ്രസിഡന്റ് റാശിദ് പൂമാടം അധ്യക്ഷത വഹിച്ചു.