Connect with us

National

അലോക് വര്‍മയെ നീക്കിയ കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കേ സിബിഐ ഡയറക്ടരെ നീക്കാനാവൂ എന്നും കേന്ദ്രം ഇത് ലംഘിച്ചെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഹര്‍ജിയില്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സുപ്രീം കോടതി ഈ മാസം 14നാണ് കേസ് പരിഗണിക്കുക.

തന്നെ നീക്കിയ നടപടിക്കെതിരെ അലോക് വര്‍മ്മയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്പിന്നാലെയാണ് കോണ്‍ഗ്രസും ഹരജി സമര്‍പ്പിച്ചത്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് സിബിഐ ഡയറക്ടര്‍ക്കുള്ളത്.

നേരത്തെ, സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവട്ടിരുന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായികിനാണ് മേല്‍നോട്ടത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയുമാണ് ഒരുമിച്ച് സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം എം നാഗേശ്വര്‍ റാവു ഡയറകടറായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ രാജേഷ് അസ്താനയും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Latest