Connect with us

Ongoing News

സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്; ഇത്തവണ പൂനെയോട്

Published

|

Last Updated

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം സമനില. ഇത്തവണ പൂനെ സിറ്റി എഫ് സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് തുല്ല്യത പാലിച്ചത്. 13ാം മിനുട്ടില്‍ മാര്‍ക്കോ സ്റ്റാന്‍കോവിചിലൂടെ ആതിഥേയരായ പൂനെ മുന്നിലെത്തി. 61ാം മിനുട്ടില്‍ നിക്കോള ക്രാമാരെവിച് ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടി. 41ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ റഫറി നിഷേധിച്ചു. ബോക്‌സില്‍ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ഗോള്‍ ലൈന്‍ കടന്നെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചെങ്കിലും പൂനെ താരങ്ങള്‍ പ്രതിഷേധിച്ചതോടെ ഗോള്‍ നിഷേധിക്കുകയായിരുന്നു.

പന്തടക്കത്തിലും ആക്രമണത്തിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. എന്നാല്‍, ഗോള്‍ മാത്രം അകന്നു നിന്നു. 65 ശതമാനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ബോള്‍ പൊസഷന്‍. ലക്ഷ്യത്തിലേക്ക് എട്ട് ഷോട്ടുകള്‍ ഉതിര്‍ത്തു. നാലിനെതിരെ പതിനാല് കോര്‍ണറുകള്‍ ലഭിച്ചു. എന്നിട്ടും ലക്ഷ്യം കാണുന്നതില്‍ കേരളം പരാജയമായി.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലകളുമടക്കം ഏഴ് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. പൂനെ പത്തില്‍ നിന്ന് ഒമ്പതാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം നേടാന്‍ പോലും പൂനെക്ക് കഴിഞ്ഞിട്ടില്ല. രണ്ട് സമനിലകള്‍ ഉള്‍പ്പെടെ രണ്ട് പോയിന്റാണ് അവര്‍ക്കുള്ളത്. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്.