ഹാശിംപുരകള്‍ ഇനിയുമെത്ര ?

Posted on: November 2, 2018 11:48 am | Last updated: November 2, 2018 at 11:48 am

നീതിവിളംബം നീതിനിഷേധമാണ്. എങ്കിലും ആശ്വാസകരമാണ് ഹാശിംപുര കൂട്ടക്കൊലക്കേസില്‍ വൈകി ലഭിച്ച നീതി. ഭരണകൂട ഭീകരതയുടെ നടുക്കുന്ന ഒരധ്യായമായിരുന്നു ഹാശിംപുര കൂട്ടക്കൊല. 1987 മെയ് 23ന് യു പിയിലെ സായുധ പോലീസ് സേനാ വിഭാഗമായ പി എ സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി)യിലെ 19 പേര്‍ ചേര്‍ന്ന് മീറത്തിലെ ഹാശിംപുര നിവാസികളായ 42 മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് നഗരത്തിനു പുറത്തു കൊണ്ടുപോയി വെടിവെച്ചു കൊന്ന സംഭവമാണ് ഹാശിംപുര കേസ്. മൃതദേഹങ്ങള്‍ അടുത്തുള്ള കനാലില്‍ തള്ളുകയും ചെയ്തു. ബാബരി മസ്ജിദ് വളപ്പിനകത്ത് ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളുടെ ഘട്ടത്തിലായിരുന്നു ഈ നിഷ്ഠൂര കൂട്ടക്കൊല.

2015-ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മുഴുവന്‍ പ്രതികളെയും വിട്ടയച്ച വിചാരണക്കോടതി വിധി തള്ളി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച 16 മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. യു പിസര്‍ക്കാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട സുള്‍ഫിക്കര്‍ നസീര്‍ എന്നിവര്‍ നില്‍കിയ അപ്പീലിലാണ് ഉത്തരവ്. അന്ന് പി എ സി പിടിച്ചു കൊണ്ടുപോയി വെടിെവച്ചവരില്‍ നിന്ന് മരണപ്പെടാതെ രക്ഷപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ് സുല്‍ഫിക്കര്‍ നസീര്‍. വെടിയുണ്ടകള്‍ ഏറ്റിട്ടും ഇരുട്ടില്‍ പി എസിക്കാര്‍ക്ക് മരണം ഉറപ്പുവരുത്താന്‍ കഴിയാതിരുന്നതു കൊണ്ടാണ് ഇവരുടെ ജീവന്‍ അവശേഷിച്ചത്. നിരായുധരായ ആളുകളെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തിയെന്നത് സംശയാതീതമായി തെളിഞ്ഞതായി വ്യക്തമാക്കിയ ഹൈക്കോടതി ഈ മാസം 22ന് മുഴുവന്‍ പ്രതികളോടും കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അക്കാലത്ത് യു പി ഭരിച്ചിരുന്ന വീര്‍ ബഹാദൂര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഒത്താശയോടെയാണ് സംഭവം നടന്നതെന്നാണ് വ്യക്തമാകുന്നത്. ബാബരി തര്‍ക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗ് മീറത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. അന്നത്തെ മീറത്ത് എം പി മുഹ്‌സിനാ കിദ്വായിയെയും പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെയും മാറ്റി നിര്‍ത്തിയായിരുന്നു യോഗം. നഗരത്തിന്റെ നിയന്ത്രണം പി എ സിയെ ഏല്‍പ്പിക്കാമെന്നും മീറത്തിനു ചുറ്റുമുള്ള പ്രധാന മുസ്‌ലിം പോക്കറ്റുകളെ പി എ സി വളയുമ്പോള്‍ ഹിന്ദുക്കള്‍ കലാപത്തിന് രംഗത്തിറങ്ങണമെന്നും തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പായി അന്നത്തെ മോദി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ പ്രമുഖരുടെ യോഗത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
ഹാശിംപുര സ്ഥിതിചെയ്യുന്ന ഗാസിയാബാദ് പോലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് എഴുതി പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ‘ഹാശിംപുര: 22 മെയ്’ എന്ന പുസ്തകത്തില്‍ ഈ ഗൂഢാലോചന വിവരിക്കുന്നുണ്ട്. കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ മെയ് 21, 22 തീയതികളില്‍ മീററ്റില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതായി ഗ്രന്ഥത്തില്‍ റായ് വെളിപ്പെടുത്തുന്നു. യോഗത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ച് ഒരു വിഭാഗത്തെ വെടിവെച്ചു കൊല്ലേണ്ട മുസ്‌ലിംകളെ കണ്ടെത്താനും രണ്ടാം വിഭാഗത്തെ കൊല നടത്താനും നിയോഗിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ഏറ്റവും വലിയ പോലീസ് കൂട്ടക്കൊലയാണിതെന്ന് വിശേഷിപ്പിച്ച റായ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സി ഐ ഡി ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും പറയുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ട പി എ സിയുടെ പട്ടാള വണ്ടിയും ജവാന്മാര്‍ ഉപയോഗിച്ച തോക്കുകളുമൊന്നും കസ്റ്റഡിയില്‍ എടുക്കുകയോ കേസില്‍ ഉള്‍പ്പെടു ത്തുകയോ ചെയ്തതുമില്ല.

ഹാശിംപുര രീതിയില്‍ വര്‍ഗീയ തിമിരം ബാധിച്ച നിയമപാലകര്‍ നേരിട്ടു നടത്തിയതും അവരുടെ ഒത്താശയോടെയും നിരവധി കൂട്ടക്കൊലകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. ഇവയിലെ ഇരകളിലേറെയും മുസ്‌ലിംകളായിരുന്നു. കശ്മീരില്‍ ഖുര്‍ആനെ അധിക്ഷേപിക്കുകയും തറാവീഹ് സമയത്ത് പള്ളിയില്‍ കയറി അതിക്രമിക്കുകയും ചെയ്തവര്‍ക്ക് എതിരെ പ്രതിഷേധിച്ചതിനാണല്ലോ ആറ് കശ്മീര്‍ യുവാക്കളെ ബി എസ് എഫുകാര്‍ വെടി വെച്ചു കൊന്നത്. ഇപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയെ തടയാനെന്ന പേരില്‍ അവിടെ സൈന്യത്തിന്റെ കൊടിയ നിഷ്ഠൂരത തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ജയില്‍ വാസം അനന്തമായി നീളുന്ന മഅ്ദനി, സംഘ്പരിവാര്‍ നേതാക്കള്‍ പ്രതികളായ ബോംബ് സ്‌ഫോടനക്കേസുകള്‍ തുടങ്ങി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നീതിപൂര്‍വമായ തീര്‍പ്പിനായി കാത്തു കിടക്കുന്ന കേസുകള്‍ ഒട്ടനവധിയുണ്ട്. കാവി വര്‍ഗീയത ബാധിച്ച ഭരണകൂടവും ഉദ്യോഗ രംഗത്തെ ഹിന്ദുത്വ ശക്തികള്‍ ഇഴയുന്ന ജുഡീഷ്യറിയും ചേരുമ്പോള്‍ ഇത്തരം കേസുകളില്‍ നീതി അന്യം നിര്‍ത്തപ്പെടുകയാണ്. എന്‍ ഐ എ അന്വേഷിക്കുകയും 70 സംഘ്പരിവാറുകാരെ പ്രതി ചേര്‍ക്കുകയും ചെയ്ത ഒമ്പത് കേസുകളില്‍ മൂന്ന് പേര്‍ മാത്രമാണ് ഇതിനകം ശിക്ഷിക്കപ്പെട്ടത്. ഇതിനാലൊക്കെതന്നെയാണ് ന്യൂനപക്ഷ സമുദായങ്ങളെയും ദളിതരെയും ലക്ഷ്യമാക്കിയുള്ള ആള്‍ക്കൂട്ട കൊലകളും അതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചു വരാന്‍ കാരണം. ഹാശിംപുര കൂട്ടക്കൊല നടക്കുമ്പോള്‍ ഗാസിയാബാദില്‍ സേവനമനുഷ്ഠിച്ചിരുന്ന വിഭൂതി നാരായണ്‍ റായിയെന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് കീഴ്‌കോടതി തളളിയ ആ കേസില്‍ അപ്പീല്‍ പോയി നീതി പൊരുതി വാങ്ങിക്കാന്‍ ഇരകള്‍ക്ക് സാധിച്ചത്. അത്യപൂര്‍വമാണ് രാജ്യത്തെ പോലീസ് സേനകളില്‍ അത്തരം ഉദ്യോഗസ്ഥര്‍.