മലയാള ദിനത്തില്‍ ചില നവകേരള ചിന്തകള്‍

ഒരുമയോടെ നാം അതിജീവിച്ചെങ്കില്‍ ഒരുമയോടെ നമുക്ക് പുനര്‍നിര്‍മിക്കാനും കഴിയും. അതിനുതകുന്ന വിധത്തില്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം തുടക്കംകുറിച്ചിരിക്കുന്നത്. അത്തരത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി കമ്പനികള്‍ക്കും സംഘങ്ങള്‍ക്കും ഒക്കെ സഹകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാം. ഇത്തരത്തില്‍ തീര്‍ത്തും ജനകീയമായ രീതിയില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കുന്നത്.
കേരള മുഖ്യമന്ത്രി
Posted on: November 1, 2018 8:27 am | Last updated: October 31, 2018 at 10:34 pm

കേരളം 62-ാം ജന്മദിനമാഘോഷിക്കുകയാണ്. ജാതി- മത- വര്‍ണ- രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാനഘടകം മലയാള ഭാഷയാണ്. അതുകൊണ്ടുതന്നെ കേരളീയരുടെ എല്ലാ സാമൂഹികമണ്ഡലങ്ങളിലും മലയാളഭാഷാവ്യാപനം സാധ്യമാകേണ്ടതുണ്ട്.

മലയാളഭാഷയുടെ വളര്‍ച്ചക്കുതകുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 2017 മെയ് ഒന്ന് മുതല്‍ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷയായി ഉപയോഗിക്കുന്നത് മലയാളം ആയിരിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാകൂ. ഐക്യകേരളപ്പിറവിയെത്തുടര്‍ന്ന് നിലവില്‍ വന്ന സര്‍ക്കാറുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017ല്‍ മലയാളഭാഷാ പഠന ആക്ട് പാസ്സാക്കിയത്.

മാതൃഭാഷ പഠിക്കാതെ ബിരുദമെടുക്കാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് സഹായകരമായ പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്നപേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്ടെങ്കിലും ഭാഷാകാര്യങ്ങളില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യൂണികോഡില്‍ അലങ്കാരഫോണ്ടുകളുടെ ദൗര്‍ലഭ്യമുണ്ട്. ആധുനിക സമൂഹത്തില്‍ ഒരു ഭാഷയുടെ ശക്തിയെയും സ്വാധീനത്തെയും അളക്കുന്നത് ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ആ ഭാഷക്കുള്ള ശക്തിയെയും സ്വാധീനത്തെയും വിലയിരുത്തിയാണ്. അതിനാല്‍ കേരളത്തിലെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കേണ്ടതുണ്ട്.

മലയാള ഭാഷയുടെ സമ്പത്തായ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ലഭ്യമാക്കുകയും വേണം. കേരളത്തില്‍ പുരാരേഖാവകുപ്പിന്റെ കൈവശമുള്ള ലക്ഷക്കണക്കിന് താളിയോലകള്‍ ഡിജിറ്റലൈസ് ചെയ്ത് ലിപിമാറ്റം നടത്തി ലഭ്യമാക്കേണ്ടതുണ്ട്. ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം, മലയാളഭാഷാപഠനം വ്യാപിപ്പിക്കണം, കോടതികളിലെ ഭാഷ മലയാളമാക്കണം; ഇത്തരത്തിലുള്ള നിരവധി നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. സാധാരണക്കാരായ വ്യവഹാരികള്‍ക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഇരുമ്പുമറ മാറ്റിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതി നടപടികള്‍ വ്യക്തമായി മനസ്സിലാക്കാനും അവയുമായി കൂടുതല്‍ സഹകരിക്കാനും സാധിക്കുകയില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അവയെയൊക്കെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്നാണ് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍.

കേരളത്തിലെ ജനങ്ങളോട് വോട്ടുചോദിച്ച ഭാഷയില്‍ ഭരണം നടത്തേണ്ട ധാര്‍മികമായ ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. മാതൃഭാഷ ഭരണനിര്‍വഹണത്തിന് ഉപയോഗിക്കാതിരുന്നാല്‍ അത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണ് എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതിനാല്‍ ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ ഓരോ ഉദ്യോഗസ്ഥനും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

പുതിയ പുനര്‍നിര്‍മാണ മാതൃക
കേരളം ഇന്ന് പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലാണ്. സമാനതകളില്ലാത്ത പ്രളയത്തെ സാഹോദര്യം, ഒരുമ, സഹവര്‍ത്തിത്വം എന്നിവയാല്‍ ആത്മാഭിമാനത്തോടെ അതിജീവിച്ച നാം നവകേരളനിര്‍മിതിക്ക്് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍. ‘കേരള വികസന മാതൃക’ കൊണ്ട് ലോകശ്രദ്ധ ആര്‍ജിച്ച നാം ഇപ്പോള്‍ അതിജീവനത്തിന്റെ പുതിയ മാതൃക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടുത്തപടി എന്നോണം ‘കേരള പുനര്‍നിര്‍മാണ മാതൃക’ ലോകത്തിനുമുമ്പാകെ കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് നാം. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിന് നഷ്ടപരിഹാരം ചോദിക്കാനാകൂ. അവര്‍ ഓരോന്നിനും ഇത്ര എന്ന് കണക്കാക്കിവെച്ചിട്ടുണ്ട്. അതാകട്ടെ യഥാര്‍ഥ നഷ്ടത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ആ മാനദണ്ഡപ്രകാരം നോക്കിയാല്‍ കേരളത്തിന് 4796 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ ചോദിക്കാന്‍ അവകാശമുള്ളു. എന്നാല്‍, യഥാര്‍ത്ഥ നഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്. സംസ്ഥാന ഏജന്‍സികളും ലോക ബേങ്ക്, എ ഡി ബി, യു എന്‍ ഏജന്‍സികളും ഒക്കെ നടത്തിയ പഠനങ്ങളിലും, തയ്യാറാക്കിയ എസ്റ്റിമേറ്റുകളിലും തെളിഞ്ഞുവരുന്നത് യഥാര്‍ഥ നഷ്ടം 31,000 കോടി രൂപയുടേതാണ് എന്നാണ്. കേരളത്തിന്റെ ഒരുവര്‍ഷത്തെ പദ്ധതിച്ചെലവിനേക്കാള്‍ വലിയ സംഖ്യയാണിത്. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരമുള്ള 4796 കോടിക്കും ഈ 31,000 കോടിക്കുമിടയിലുള്ള വിടവ് ഏതാണ്ട് 26,000ത്തിലധികം കോടിയുടേതാണ്. അതായത്, നവകേരള നിര്‍മിതിക്ക് കേന്ദ്രമാനദണ്ഡത്തിന്റെ ആറിരട്ടിയിലധികം വേണ്ടിവരും. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തില്‍ കേരളത്തിന്റെ മുമ്പിലുള്ള വലിയ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമായി കാര്യമായ തോതില്‍ തന്നെ സഹായമുണ്ടാകുന്നുണ്ട്. തുക രണ്ടായിരം കോടി കടന്നു. എന്നാല്‍, ഇതിനകമുള്ള കമ്മിറ്റ്‌മെന്റിനു തന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം. 6,65,006 പേര്‍ക്ക് 10,000 രൂപയുടെ അടിയന്തര സഹായം നല്‍കിയപ്പോള്‍ തന്നെ 66 കോടി കഴിഞ്ഞു. ദുരിതാശ്വാസ സഹായം, വീട് വാസയോഗ്യമാക്കാനുള്ള സഹായം തുടങ്ങിയവക്കായി നീക്കിവെച്ച തുക കൂടി കണക്കാക്കിയാല്‍ മൊത്തം തുക 2,000 കോടിക്കും മേലെയാണ്.

കേന്ദ്ര ക്രമപ്രകാരം ഭവനനിര്‍മാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിന് ചോദിക്കാനാവൂ. എന്നാല്‍, 5,659 കോടിയുടേതാണ് നഷ്ടം. വിദ്യാഭ്യാസരംഗത്ത് എട്ട് കോടിയേ ചോദിക്കാനാകൂ. 214 കോടിയുടേതാണ് നഷ്ടം. കാര്‍ഷിക, മത്സ്യബന്ധന മേഖലയില്‍ 45 കോടിയേ ചോദിക്കാനാകൂ. 4499 കോടിയാണ് നഷ്ടം. റോഡ്, പാലം നിര്‍മാണത്തിനായി 192 കോടിയേ ചോദിക്കാനാകൂ. 8554 കോടി രൂപയുടേതാണ് നഷ്ടം. വൈദ്യുതിരംഗത്ത് 85 കോടിയേ ചോദിക്കാനാകൂ. 353 കോടിയുടേതാണ് നഷ്ടം. ജലസേചനരംഗത്ത് 536 കോടിയേ ചോദിക്കാനാകൂ. 1484 കോടിയുടേതാണ് നഷ്ടം.

8,800 കിലോമീറ്റര്‍ പി ഡ ബ്ല്യു ഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ 10,000 കോടി ചെലവ് #േവരും. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. ഇതുകൊണ്ട് റോഡ് പുനഃസ്ഥാപിക്കാന്‍ പറ്റില്ല. റോഡ് അപ്പാടെ ഇല്ലാതായ ഇടങ്ങളുണ്ട്. റോഡ് കെട്ടാന്‍ വേണ്ട ഭൂമിപോലും ഇല്ല എന്നര്‍ഥം. കിലോമീറ്ററിന് രണ്ട് കോടിയില്‍ കൂടുതല്‍ ആവശ്യമായി വരുന്നിടത്താണ് ഒരു ലക്ഷം രൂപ. ഗ്രാമീണ റോഡുകള്‍ക്കാണെങ്കില്‍ മാനദണ്ഡപ്രകാരം 60,000 രൂപയേ കിട്ടൂ. വേണ്ടത് 60 ലക്ഷമാണ്. അനുവദിക്കുന്നതിന്റെ 60 ഇരട്ടി വേണമെന്നര്‍ഥം.

തകര്‍ന്നുപോയ വീടിന് തൊണ്ണൂറ്റി അയ്യായിരം രൂപയാണ് മാനദണ്ഡപ്രകാരം നല്‍കാവുന്നത്. നാല് ലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണ് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുപോലും വീട് തീരില്ല എന്നതാണ് സത്യം. മാനദണ്ഡവും യഥാര്‍ഥ ആവശ്യവും തമ്മില്‍ വലിയ അന്തരമുള്ള നിലയാണുള്ളത്. ഇതുകൊണ്ടാണ് ഇരുപത്തി ആറായിരം കോടി രൂപയുടേതെങ്കിലും അധിക ധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാകു എന്നു പറയുന്നത്. കേവലം പൂര്‍വാവസ്ഥയില്‍ എത്തുക എന്നതിനപ്പുറം ദുരന്തങ്ങള്‍ക്ക് തകര്‍ക്കാനാകാത്ത വിധത്തിലുള്ള ഒരു കേരളത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതിനാണ് നാം ഊന്നല്‍ നല്‍കുന്നത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായവരെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയാണ്. അതിന്റെ ഭാഗമായി കാലവര്‍ഷക്കെടുതിയുടെ ഫലമായി കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടായ ആഘാതം സമഗ്രമായി പഠിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ട്. കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശമാണ് നെതര്‍ലാന്‍ഡ്‌സ്. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ പുനര്‍നിര്‍മാണത്തിന് അവരുടെ കൂടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ്. ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുയോജ്യമായ പുത്തന്‍ ഉപജീവന സാധ്യതകള്‍ കണ്ടെത്താന്‍, അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്കാളിത്തമുള്ള ‘ലൈവ്‌ലിഹുഡ് കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിഭവങ്ങളും അറിവുകളും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി ലഭ്യമാക്കുകയാണ് നാം.

ഒരുമയോടെ നാം അതിജീവിച്ചെങ്കില്‍ ഒരുമയോടെ നമുക്ക് പുനര്‍നിര്‍മിക്കാനും കഴിയും. അതിനുതകുന്ന വിധത്തില്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം തുടക്കംകുറിച്ചിരിക്കുന്നത്. അത്തരത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി കമ്പനികള്‍ക്കും സംഘങ്ങള്‍ക്കും ഒക്കെ സഹകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുതകുന്ന നൂതന ആശയങ്ങള്‍ ജനങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ ‘ഐഡിയ ഹണ്ട്’, ‘ഐഡിയ എക്‌സ്‌ചേഞ്ച്’ ‘ഹാക്കത്തോണ്‍’ തുടങ്ങിയ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തീര്‍ത്തും ജനകീയമായ രീതിയില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കുന്നത്.

നവകേരള നിര്‍മിതിക്കായി ജനങ്ങളുടെയാകെ ഒരുമയും സഹകരണവും വേണ്ട ഘട്ടമാണിത്. ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട സമയമാണിത്. കൂട്ടായുള്ള അതിജീവനം മലയാളികളുടെ സവിശേഷതയായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ നവകേരള നിര്‍മിതിക്കായി നമുക്കെല്ലാവര്‍ക്കും കൈകോര്‍ക്കാം. അങ്ങനെ പുനര്‍നിര്‍മാണത്തിന്റെ പുത്തന്‍ മാതൃക കൂടി നമുക്ക് ലോകത്തിനുമുമ്പകെ സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയത്തെ അതിജീവിച്ച ജനത എന്ന നിലയില്‍ ലോകത്തിനുമുമ്പില്‍ തന്നെ മാതൃകയാവുകയാണ് സംസ്ഥാനം. വികസന കാര്യത്തില്‍ കേരള മോഡല്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതുപോലെ, പുനര്‍നിര്‍മാണത്തിന്റെ പുതിയ മാതൃകയായി നമ്മുടെ നാടിനെ മാറ്റാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനായി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചെടുത്തുകൊണ്ട് അവ പ്രായോഗികമാക്കുന്നതിനായി ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ എന്ന ബൃഹദ് പദ്ധതിക്കു തന്നെ രൂപം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. കേരളം നമ്മളെല്ലാവരുടേതുമാണെന്ന ഉത്തമ ബോധ്യത്തോടെ നമുക്കെല്ലാവര്‍ക്കും നവകേരള നിര്‍മിതിക്കായി കൈകോര്‍ക്കാം. അതാകട്ടെ ഇത്തവണത്തെ കേരളപ്പിറവി ദിനത്തിന്റെ സന്ദേശം.