ആര്‍ ബി ഐയെയും കൂട്ടിലടക്കരുത്

Posted on: November 1, 2018 8:45 am | Last updated: October 31, 2018 at 10:26 pm

നോട്ട് നിരോധനത്തോടെ ആരംഭിച്ച ആര്‍ ബി ഐ, സര്‍ക്കാര്‍ ഭിന്നത രൂക്ഷമാവുകയാണ്. റിസര്‍വ് ബേങ്കിന്റെ നയപരമായ തീരുമാനങ്ങളിലുള്ള സര്‍ക്കാറിന്റെ ഇടപെടലാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ബേങ്ക് വൃത്തങ്ങള്‍ പറയുന്നത്. ഇത് വിപണിയില്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞ ദിവസം സര്‍ക്കാറിനെ ഓര്‍മിപ്പിക്കുകയുണ്ടായി. 1935ലെ റിസര്‍വ് ബേങ്ക് നിയമവും 1949ലെ ബേങ്കിംഗ് റെഗുലേഷന്‍ നിയമവും അനുസരിച്ച് ആര്‍ ബി ഐക്ക് വിപുലമായ അധികാരങ്ങളുണ്ട്. എന്നാല്‍, അത് പ്രാബല്യത്തിലാകുന്നില്ല. ബേങ്കിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ കടന്നുകയറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വന്റി-20 മത്സങ്ങള്‍ പോലെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍. ആര്‍ ബി ഐക്ക് അത് പിന്തുടരാനാകില്ല. സമയമെടുത്ത് സൂക്ഷ്മമായ ടെസ്റ്റ് മത്സരമാണ് ആര്‍ ബി ഐ കളിക്കുന്നത്. നീണ്ടുനില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചക്ക് അതാണ് ഉപകാരപ്രദമാവുകയെന്ന് ആചാര്യ വ്യക്തമാക്കി. ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും നേരത്തെ സര്‍ക്കാറിന്റെ കൈകടത്തലിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

നോട്ട് നിരോധനം ആര്‍ ബി ഐയെ അറിയിക്കാതെയാണ് നടപ്പാക്കിയത്. പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി അന്നത്തെ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനോട് അഭിപ്രായമാരാഞ്ഞപ്പോള്‍, വിയോജിപ്പാണ് രേഖപ്പെടുത്തിയത്. പതിവിന് വിരുദ്ധമായി രഘുറാം രാജന് സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുക്കാതിരുന്നതിന്റെ കാരണവുമിതാണ്. റിസര്‍വ് ബേങ്കിന്റെ പത്രക്കുറിപ്പ് പ്രകാരം 2017 നവംബറിലെ നോട്ട് നിരോധത്തിന് മുമ്പായി പ്രസ്തുത വര്‍ഷം നാല് തവണ ബേങ്കിന്റെ കേന്ദ്രബോര്‍ഡ് യോഗം ചേര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 12, മെയ് 19, ജൂലായ് 7, ആഗസ്റ്റ് 11 തീയതികളില്‍ ചേര്‍ന്ന ഈ യോഗങ്ങളിലൊന്നും നോട്ട് നിരോധനം ചര്‍ച്ച ചെയ്തിട്ടില്ല. രഘുറാം രാജന്‍ ആയിരുന്നു ആ ഘട്ടത്തില്‍ ആര്‍ ബി ഐ ഗവര്‍ണര്‍. സെപ്തംബര്‍ നാലിന് രഘുറാംരാജന്‍ പടിയിറങ്ങി പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നിയമിതനായ ശേഷം നവംബര്‍ എട്ട് വരെയും ബോര്‍ഡ് യോഗം ചേര്‍ന്നിട്ടുമില്ല. ആര്‍ ബി ഐയെ നോക്കുകുത്തിയാക്കിയാണ് പ്രധാനമന്ത്രി നോട്ട് നിരോധം പ്രഖ്യാപിച്ചത്. ഈ സ്വേച്ഛാപരമായ നടപടിയില്‍ ആര്‍ ബി ഐ ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് ഫോര്‍ ഓഫ് റിസര്‍വ് ബേങ്ക് ഓഫീസേഴ്‌സ് എംപ്ലോയീസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബേങ്കിന്റെ സ്വയം ഭരണത്തിന്മേലുള്ള സര്‍ക്കാറിന്റെ കടന്നു കയറ്റമായാണ് ഇത് സംബന്ധിച്ച് ധനമന്ത്രാലയത്തിന് നല്‍കിയ പരാതിക്കത്തില്‍ സംഘടന കുറ്റപ്പെടുത്തിയത്. നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ ആര്‍ ബി ഐ കടുത്ത വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ ഗത്യന്തരമില്ലാതെ തങ്ങളുടെ നിര്‍ദേശമില്ലാതെയാണ് സര്‍ക്കാര്‍ നിരോധം നടപ്പാക്കിയതെന്ന് ബേങ്കിന് തുറന്നു പറയേണ്ടിവന്നു.

രഘുറാം രാജന്‍ പടിയിറങ്ങിയ ശേഷം തന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഉര്‍ജിത് പട്ടേലിനെ മോദി ആ സ്ഥാനത്തേക്ക് നിയമിച്ചത്. എന്നാല്‍ ബേങ്കിന്റെ അധികാരത്തിന്മേലുള്ള സര്‍ക്കാറിന്റെ കടന്നു കയറ്റത്തിന്മേല്‍ അദ്ദേഹവും അസ്വസ്ഥനാണ്. പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുകയും സമ്മാനപദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ സര്‍ക്കാറിന്റെ പല തീരുമാനങ്ങളോടും ഉര്‍ജിത് പട്ടേലിനും യോജിപ്പില്ല. വിജയ്മല്യ, നീരവ് മോദി തുടങ്ങി വന്‍കിടക്കാരുടെ വായ്പാ തട്ടിപ്പുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബേങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താനായി കിട്ടാക്കടം,വായ്പാ ചട്ടം തുടങ്ങിയവയില്‍ അടുത്തിടെ ആര്‍ ബി ഐ ചില കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വായ്പാ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബേങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

ആര്‍ ബി ഐയിലെ സര്‍ക്കാര്‍ നോമിനികളായ ഡയറക്ടര്‍മാര്‍ ഈ ആവശ്യങ്ങള്‍ ബോര്‍ഡ് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വെച്ച പല നിര്‍ദേശങ്ങളും ഹ്രസ്വ കാലത്തേക്കല്ലാതെ സാമ്പത്തിക രംഗത്ത് ദീര്‍കാല നേട്ടങ്ങളുണ്ടാക്കില്ലെന്നതാണ് ബേങ്ക് അധികൃതരുടെ പക്ഷം. മാത്രമല്ല, ഇത് ആര്‍ ബി ഐയുടെ സാമ്പത്തിക ബാധ്യത കുത്തനെ ഉയര്‍ത്തുകയും ചെയ്യും. ആഭ്യന്തരവും ബാഹ്യവുമായ സാമ്പത്തികാഘാതങ്ങളെ അതിജീവിക്കാനുള്ള ആര്‍ ബി ഐയുടെ ശേഷിയെ ബാധിക്കുന്ന ആശയമാണിത്. ഡോ. രഘുറാം രാജന്‍ ഗവര്‍ണറായ ഘട്ടത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും രൂപയുടെ വിനിമയ നിരക്ക് ദൃഢീകരിച്ച് നിര്‍ത്തുന്നതിനും ആര്‍ ബി ഐക്ക് സാധിച്ചിരുന്നു. ആ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സര്‍ക്കാറിന്റെ പരിധി കടന്ന ഇടപെടല്‍ ബേങ്ക് മേധാവികളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. സര്‍ക്കാറിനെതിരായ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയുടെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമിതാണ്.

അതിനിടെ, ആര്‍ ബി ഐ കേന്ദ്ര ബോര്‍ഡില്‍ ആധിപത്യം സ്ഥാപിച്ച് ബേങ്കിനെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ ആസൂത്രിത നീക്കവും സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്. ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടുത്തിയത് ഈ ലക്ഷ്യത്തിലാണ്. ലോകരാഷ്ട്രങ്ങളിലെ കേന്ദ്രബേങ്കുകളില്‍ പ്രശസ്തമാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. 80 വര്‍ഷം പിന്നിട്ട സ്ഥാപനം വര്‍ഷങ്ങളുടെ പ്രയത്‌നഫലമായി നേടിയെടുത്ത സത്‌പേരിന് നവംബര്‍ എട്ടിന്റെ കറന്‍സി നിരോധന പ്രഖ്യാപനത്തോടെ ഇടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഇപ്പോഴത്തെ അനാവശ്യമായ ഇടപെടുലുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. സി ബി ഐയില്‍ കഴിഞ്ഞ കാലസര്‍ക്കാറുകള്‍ നടത്തിയ ഇടപെടലുകളാണ് ആ അന്വേഷണ ഏജന്‍സിയുടെ സത്‌പേര് നഷ്ടപ്പെടുത്താനും ഉന്നതങ്ങളിലെ ചേരിപ്പോരിനും ഇടയാക്കിയത്. ആര്‍ ബി ഐയിലും ഈ ഗതികേട് വരാതിരിക്കാനും അതിന്റെ വിശ്വാസ്യതയും ഖ്യാതിയും നിലനിര്‍ത്താനും ആര്‍ ബി ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം.