ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഒഴിപ്പിക്കും; വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയില്‍

Posted on: October 31, 2018 8:26 pm | Last updated: November 1, 2018 at 9:17 am

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപ്പിടിത്തം. അഗ്‌നിശമന സേനയും പോലീസും തീയണക്കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുകയാണ്. ആളപായമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

തീപ്പിടിത്തമുണ്ടായി നാല് മണിക്കൂര്‍ നേരമായിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് ഉള്‍പ്പെടെ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മന്ത്രികടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തും സ്ഥലത്തെത്തി. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസം മുമ്പും ഇവിടെ ഇത്തരത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായി പറഞ്ഞിരുന്നത്.