Connect with us

Editorial

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നിയോഗം

Published

|

Last Updated

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്തായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ബസ് ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ മിക്കതും നടപ്പാകുമെന്നുറപ്പായി. സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിക്കാനാണ് തീരുമാനമായത്. കാലങ്ങളായി ബസുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് രംഗത്തു വന്നാല്‍ അതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കാറുള്ളത് ജസ്റ്റിസ് രാമചന്ദ്രനെയാണ്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്നോളം ബസുടമകളുടെ ആവശ്യം ഏകപക്ഷീയമായി അംഗീകരിച്ച ചരിത്രമേയുള്ളൂ. ബസുടമകളുടെ ഭാഗത്തു നിന്നല്ലാതെ യാത്രക്കാരുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല. മാത്രമല്ല, ബസുടമകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് പരോക്ഷമായി സൂചന നല്‍കിയാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

കഴിഞ്ഞ മാര്‍ച്ചിലാണ് കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയായും കി.മീറ്റര്‍ നിരക്ക് 64ല്‍ നിന്ന് 70 പൈസയായും ഉയര്‍ത്തിയത്. എട്ട് മാസം പിന്നിട്ടപ്പോഴേക്കും ബസുടമകള്‍ ചാര്‍ജ് വര്‍ധനവിനായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. മിനിമം ചാര്‍ജ് പത്ത് രൂപയായും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം അഞ്ച് രൂപയായും ഉയര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. നികുതിയിളവ് അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡീസല്‍ വിലയില്‍ ഇളവ് വാങ്ങിച്ചു തരണമെന്നും ബസ് ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ യോഗം ആവശ്യപ്പെടുകയുണ്ടായി.

അടിക്കടി നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാര്‍ക്ക് ബസ് യാത്ര കടുത്ത ഭാരമാക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലേത്. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് നാല് തവണയാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. 2011 ആഗസ്റ്റില്‍ മിനിമം ബസ്ചാര്‍ജ് നാല് രൂപയില്‍ നിന്നും അഞ്ച് രൂപയാക്കി. 2012 സെപ്തംബറില്‍ അത് ആറ് രൂപയാക്കി. 2014ല്‍ ഏഴും കഴിഞ്ഞ മാര്‍ച്ചില്‍ എട്ടും രൂപയാക്കി. അതേസമയം 2011ന് ശേഷം തമിഴ്‌നാട് ഒരൊറ്റ തവണയാണ് ബസ് ചാര്‍ജില്‍ വര്‍ധന വരുത്തിയത്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ജനുവരി 20ന് ആണ് അവിടെ നിരക്ക് കൂട്ടിയത്. തമിഴ്‌നാട്ടില്‍ ഇപ്പോഴും സിറ്റി ബസുകളിലെ മിനിമം ചാര്‍ജ് അഞ്ച് രൂപയും മറ്റു ഓര്‍ഡിനറി ബസുകളില്‍ ആറ് രൂപയുമാണ്. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജിന് പത്ത് കി. മീറ്റര്‍ വരെ യാത്ര ചെയ്യാനുമാകും. കേരളത്തില്‍ മിനിമം ചാര്‍ജിന്റെ യാത്രാദൂര പരിധി അഞ്ച് കി.മീറ്റര്‍ മാത്രമാണ്. മിനിമം നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ തമിഴ്‌നാട്ടില്‍ കി.മീറ്ററിന് നല്‍കുന്നത് അമ്പതോ അറുപതോ പൈസയാണെങ്കില്‍ കേരളത്തില്‍ അത് ഒരു രൂപ അറുപത് പൈസയാണ്. ഡീസല്‍ വില വര്‍ധന കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലുമുണ്ടല്ലോ. എന്നിട്ടും അവര്‍ അടിക്കടി നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ ലാഭകരമായി സര്‍വീസ് നടത്തുന്നു.

കേരളത്തിലെ ബസ് നിരക്ക് നേരത്തെ തന്നെ അപാകതകള്‍ നിറഞ്ഞതാണ്. കി.മീറ്ററിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 70 പൈസയാണെങ്കിലും ഈ നിരക്കില്‍ സംസ്ഥാനത്തെവിടെയും ഒരാള്‍ക്കും യാത്ര ചെയ്യാനാകില്ല. കി.മീറ്റര്‍ ചാര്‍ജിനെ ദൂരം കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയായിരുന്നു മുമ്പ് സ്റ്റേജുകള്‍ക്ക് നിരക്ക് കണക്കാക്കിയിരുന്നതെങ്കില്‍ 2011 മുതല്‍ കി.മീറ്റര്‍ ചാര്‍ജ് മിനിമം നിരക്കിന് മുകളിലേ പരിഗണിക്കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇതനുസരിച്ച് 7.5 കി.മീറ്റര്‍ വരുന്ന മൂന്നാം സ്റ്റേജിലേക്ക് കി. മീറ്റര്‍ ചാര്‍ജ് പ്രകാരം 5.60 രൂപ നല്‍കേണ്ട യാത്രക്കാരന്‍ 10 രൂപയും നാലാം സ്റ്റേജിലേക്ക് ഏഴ് രൂപ നല്‍കേണ്ട സ്ഥാനത്ത് 12 രൂപയും നല്‍കേണ്ടിവരുന്നു. തുടര്‍ന്നുള്ള എല്ലാ സ്റ്റേജുകളിലുമുണ്ട് ഈ പിടിച്ചുപറി. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ലാത്ത പുതിയ നിരക്കു സമ്പ്രദായം പിന്‍വലിച്ച്, ഫെയര്‍ സ്റ്റേജിലേക്കുള്ള ദൂരം കിലോമീറ്റര്‍ നിരക്കുകള്‍ കൊണ്ട് ഗുണിച്ചു കിട്ടുന്ന പഴയ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അതിനു നേരെ മുഖം തിരിക്കുകയാണ്. ബസ് റൂട്ടുകളിലെ ഫെയര്‍ സ്‌റ്റേജ് നിര്‍ണയത്തിലുമുണ്ട് അപാകതകള്‍. നിയമ പ്രകാരം രണ്ടര കി.മീറ്ററര്‍ ദൂരത്തിലാണ് ഫെയര്‍ സ്റ്റേജ് നിര്‍ണയിക്കേണ്ടത്. എന്നാല്‍ രണ്ട് കി.മീറ്ററില്‍ താഴെ വരുന്ന നിരവധി ഫെയര്‍ സ്റ്റേജുകളുണ്ട് സംസ്ഥാനത്തുടനീളം. 1994ല്‍ മുന്‍ചീഫ് സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഫെയര്‍ സ്റ്റേജ് നിര്‍ണയത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാതെ ചാര്‍ജ്് വര്‍ധന നടപ്പാക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഫെയര്‍ സ്റ്റേജ് അപാകത ഇന്നും പരിഹൃതമാകാതെ നിലനില്‍ക്കുന്നു.

ഡീസലിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വിലവര്‍ധനവും മറ്റും ബസ് നടത്തിപ്പ് ദുഷ്‌കരമാക്കുന്നുവെന്ന ബസുടമകളുടെ പരാതി അംഗീകരിക്കേണ്ടതു തന്നെ. എന്നാല്‍ ബസ് നിരക്ക് വര്‍ധനയെന്ന ഒറ്റമൂലി മാത്രമല്ല ഇതിന് പരിഹാരം. അടിക്കടി നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ ഇരുചക്രവാഹനങ്ങളിലേക്കും ഷെയര്‍ ഓട്ടോ യാത്രയിലേക്കും തിരിയുകയും ബസ് യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്യും. വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാത്ത ഓഫീസുകളിലും മറ്റും പോകുന്നവര്‍ രണ്ട് പേര്‍ ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ബസ് യാത്രയെക്കാള്‍ ലാഭകരമായിരിക്കും. സമയവും ലാഭിക്കാനാവും. മുന്‍കാലങ്ങളില്‍ രാവിലെയും വൈകുന്നേരവും യാത്രക്കാരെ കുത്തി നിറച്ച് ഓടിയിരുന്ന മിക്ക ബസുകളിലും ഇപ്പോള്‍ സീറ്റുകളുടെ എണ്ണത്തിനു പോലും ആളില്ലാതെ ഓടേണ്ടിവരുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ബസുടമകള്‍ ആവശ്യപ്പെട്ടതു പോലെ മിനിമം നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്നു പത്തായി ഉയര്‍ത്തിയാല്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വന്‍ ഇടിവുണ്ടാകും. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന ഉപേക്ഷിച്ച് നികുതിയിളവ് പോലുള്ള ഇതര മാര്‍ഗങ്ങള്‍ അവലംബിക്കുകയായിരിക്കും ബസ് യാത്രക്കാര്‍ക്കും ബസ് വ്യവസായത്തിനും ഗുണകരം.