സര്‍ക്കാറിന് തിരിച്ചടി; സാലറി ചലഞ്ചില്‍ വിസമ്മത പത്രം വേണ്ടെന്ന് സുപ്രീം കോടതിയും

Posted on: October 29, 2018 2:11 pm | Last updated: October 29, 2018 at 5:48 pm

ന്യൂഡല്‍ഹി: സാലറി ചലഞ്ചിലെ വിസമ്മത പത്രം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. വിസമ്മത പത്രം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ശരിവെച്ച സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു.

സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നല്‍കിയിട്ടുണ്ട്. താല്‍പര്യമില്ലാതിരുന്നെങ്കില്‍ പണം നല്‍കാതിരിക്കാമായിരുന്നു. പല കാരങ്ങളാല്‍ പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകും. വിസമ്മത പത്രം നല്‍കി അവര്‍ സ്വയം അപമാനിതരാകേണ്ടതില്ല. നല്‍കുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നതെന്ന് യാതോരു ഉറപ്പുമില്ല. ഇക്കാര്യത്തില്‍ ജനങ്ങളില്‍ വിശ്വാസം നേടാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കോടതി പറഞ്ഞു.

വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെയായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.