തിരുവനന്തപുരം: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം, ആഴ്ചയില്‍ ഒരിക്കല്‍ സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടപ്പിക്കാന്‍ തയാറായി ഇരുപത് അംഗസംഘം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. കലാപാഹ്വാനത്തിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.