ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം; രാഹുലിന്റെ അറസ്റ്റിനെ പിന്തുണച്ച് വി ടി ബല്‍റാം

Posted on: October 28, 2018 4:05 pm | Last updated: October 28, 2018 at 7:30 pm

പാലക്കാട്: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബല്‍റാം പറഞ്ഞു.

ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളെ വിമര്‍ശിച്ചു കൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവെന്ന് ഓര്‍ക്കണമെന്നും ബല്‍റാം പറഞ്ഞിരുന്നു.