ലിങ്ക്ഡ്ഇനില്‍ മികച്ച രണ്ടാമത്തെ ലോകനേതാവ് ശൈഖ് മുഹമ്മദ്

Posted on: October 28, 2018 3:53 pm | Last updated: October 28, 2018 at 3:53 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ലിങ്കിഡ്ഇനില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ലോക നേതാവ്.
20 ലക്ഷം പേരാണ് ശൈഖ് മുഹമ്മദിനെ ലിങ്ക്ഡ്ഇനില്‍ പിന്തുടരുന്നത്. ലോകത്തെ 30 മികച്ച ലിങ്ക്ഡ്ഇന്‍ സ്വാധീന വ്യക്തിത്വങ്ങളില്‍ ഒരാളായും ശൈഖ് മുഹമ്മദ് മാറിയിട്ടുണ്ട്.

മധ്യ പൗരസ്ത്യ-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ‘പിന്തുടര്‍ച്ചക്കാരുള്ള’ നേതാവായും ശൈഖ് മുഹമ്മദിനെ വിലയിരുത്തി. ലിങ്ക്ഡ്ഇന്‍ ഇന്‍ഫഌന്‍സര്‍ പ്രോഗ്രാം അനുസരിച്ചു ലോകത്തെ പ്രമുഖരായ 500 വ്യക്തിത്വങ്ങളെയാണ് തിരഞ്ഞെടുക്കുക. രാഷ്ട്ര നേതാക്കള്‍, രാഷ്ട്രീയ പ്രമുഖര്‍, ചിന്തകര്‍, വിദ്യഭ്യാസ പ്രവര്‍ത്തകര്‍, കമ്പനി മേധാവികള്‍ തുടങ്ങിയവരടങ്ങുന്നതാണ് 500 പ്രമുഖര്‍. ബില്‍ ഗേറ്റ്‌സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, അരിയാന ഹഫിങ്റ്റന്‍ തുടങ്ങിയവരടങ്ങുന്ന ലിങ്ക്ഡ്ഇന്‍ ഇന്‍ഫ്‌ലുന്‍സര്‍ ശ്രേണിയിലേക്കാണ് ശൈഖ് മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടത്.

സ്ത്രീ ശാക്തീകരണം, സഹിഷ്ണുതാ പ്രചാരണം, നേതൃത്വത്തിന് വേണ്ടിയുള്ള ഗുണ ഗണങ്ങളുടെ വിശദീകരണം, വ്യക്തമായ പദ്ധതികളോടെ വികസനത്തിന്റെ പുതു വഴികള്‍ അവതരിപ്പിക്കല്‍, ഉന്നത വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവയെ കുറിച്ചുള്ള ശൈഖ് മുഹമ്മദിന്റെ പോസ്റ്റുകള്‍ യു എ ഇ, ഇന്ത്യ, ഈജിപ്ത്, യു എസ്, സഊദി അറേബ്യ തുടങ്ങിയ ഇടങ്ങളിലെ ആരാധകര്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധേയമായതാണ്.
രാഷ്ട്ര നേതാക്കള്‍ക്കും ഉന്നത വ്യക്തിത്വങ്ങള്‍ക്കും മികച്ച ആശയങ്ങള്‍ കൈമാറുന്നതിനും സാമ്പത്തിക പുരോഗതികള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും ലിങ്ക്ഡ്ഇന്‍ പ്രത്യേകമായ അവസരമാണ് ഒരുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ പ്രഫഷണല്‍ നെറ്റ്‌വര്‍ക്കായി ലിങ്ക്ഡ്ഇന്‍ മാറി കഴിഞ്ഞിട്ടുണ്ട്. 200 രാജ്യങ്ങളില്‍ നിന്നായി 57.5 കോടി ജനങ്ങളാണ് ലിങ്ക്ഡ്ഇന്‍ നെറ്റ്‌വര്‍ക്കില്‍ അംഗങ്ങളായിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ ലിങ്ക്ഡ് ഇനിന് മേഖലാ ഓഫീസുകളും ഉണ്ട്.