Connect with us

Editorial

നിലവാരമുള്ള റോഡുകള്‍ പണിയണം

Published

|

Last Updated

രൂക്ഷമായ വിമര്‍ശമാണ് പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ യഥാസമയം നന്നാക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വെള്ളിയാഴ്ച സര്‍ക്കാറിന് കേള്‍ക്കേണ്ടി വന്നത്. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണോ, അല്ലെങ്കില്‍ വി ഐ പികള്‍ വന്നാലേ നന്നാക്കുകയുള്ളുവോ എന്നായിരുന്നു കോടതിയുടെ ചോദ്യം. റോഡുകളില്‍ ഇനിയും ജീവന്‍ പൊലിയരുത്. റോഡുകള്‍ പോലെയുള്ള അടിസ്ഥാന വികസനം താത്കാലികമായി കണ്ടാല്‍ പോരാ, ദീര്‍ഘ വീക്ഷണത്തോടെ വേണം. റോഡുകള്‍ പെട്ടെന്നു തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നു നിര്‍ദേശിച്ച കോടതി ഇതു സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റോഡുകള്‍ മോശമാണെന്ന ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹരജിയായി ഫയലില്‍ സ്വീകരിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.

ഇന്ന് മാധ്യമങ്ങളിലെ പ്രാദേശിക പേജുകളുടെ നല്ലൊരു ഭാഗവും കൈയടക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. റോഡുകള്‍ സൃഷ്ടിക്കുന്ന അപകട പരമ്പരകളും പതിവു വാര്‍ത്തയാണ്. വളരെ മോശമാണ് പൊതുവേ സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റേഡ് ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും സഞ്ചാരയോഗ്യമായ റോഡുകള്‍ കുറവാണ്. മിക്കതും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞവയാണ്. സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് മുഖ്യ കാരണം റോഡിന്റെ ശോച്യാവസ്ഥയാണെന്ന്് പഠനങ്ങള്‍ കാണിക്കുന്നു. റോഡുകളിലെ കുഴിയിലും ഗട്ടറുകളിലും ചാടി ബാലന്‍സ് തെറ്റി മറ്റു വാഹനങ്ങളുടെ മുമ്പിലേക്ക് തെറിച്ചോ തലയിടിച്ചോ ആണ് പല ബൈക്ക് യാത്രക്കാരും മരിക്കുന്നത്. 2016ല്‍ കേരളത്തില്‍ നടന്ന 34,934 വാഹനാപകടങ്ങളില്‍ 9,519 എണ്ണമാണ് ദേശീയ പാതകളില്‍ നടന്നത്. സംസ്ഥാന പാതകളില്‍ 6,119ഉം. ബാക്കി 19,269 അപകടങ്ങളും നിലവാരം മോശമായ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളിലാണ്. തകരുന്ന റോഡുകള്‍ യഥാസമയം അറ്റകുറ്റ പണികള്‍ നടത്തിയാല്‍ അപകടങ്ങള്‍ ഗണ്യമായി കുറക്കാനാകും.
റോഡുകളുടെ തകര്‍ച്ചയില്‍ വാട്ടര്‍ അതോറിറ്റിക്ക് മുഖ്യപങ്കുണ്ട്. ഒരു റോഡ് നന്നാക്കി ടാറിംഗ് നടത്തിയാല്‍, ദിവസങ്ങള്‍ക്കകമെത്തും വാട്ടര്‍ അതോറിറ്റി വകുപ്പ് അത് കുത്തിപ്പൊളിക്കാന്‍. അവര്‍ അറ്റകുറ്റപ്പണികള്‍ക്കായി കുഴിക്കുന്ന കുഴികള്‍ യഥാസമയം അടക്കാത്തതിനാല്‍ അപകടക്കെണികളായി മാറുന്നു. ഈ സ്ഥിതി മാറണം. ജലസേചനത്തിനുള്ള പൈപ്പുകളിടേണ്ട ആവശ്യത്തിന് റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഒരു പുതിയ റോഡ് പണിയുകയോ, നിലവിലുള്ള റോഡ് പുനര്‍നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ ഭാവിയില്‍ അതുവഴി നടപ്പാക്കേണ്ട ജലവിതരണത്തെക്കുറിച്ച് മുന്‍കൂട്ടി പഠിച്ച് അതിനാവശ്യമായ നിലവാരമുണ്ടെന്ന് ഉറപ്പുവരുത്തിയ പൈപ്പുകള്‍ ചോര്‍ച്ചയില്ലാതെ വിതാനിക്കണം. പിന്നീടൊരു കാരണവശാലും റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവദിക്കരുത്. ജലസേചനത്തിനുപയോഗിക്കുന്ന പൈപ്പുകളുടെ നിലവാരമില്ലായ്മയാണ് അടിക്കടി പൈപ്പുകള്‍ പൊട്ടാനിടയാക്കുന്നത്.

കാലവര്‍ഷം ആരംഭിക്കുമ്പോഴേക്കും റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതി ഇല്ലാതാക്കാന്‍ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള റോഡ് നിര്‍മാണം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ അഞ്ച് കിലോമീറ്റര്‍ റോഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റ നിര്‍മാണം നടന്നു വരുന്നുണ്ട്. നിലവിലുള്ള റോഡ് 30 സെ മീ ആഴത്തില്‍ വെട്ടിയെടുത്ത് സിമന്റും ജര്‍മന്‍ നിര്‍മിത പോളിമറും ചേര്‍ത്ത മിശ്രിതം അതിനു മുകളില്‍ ഉറപ്പിക്കും പിന്നീട് മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്റ് ചേര്‍ത്ത പ്രത്യേക മിശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തുകയും ചെയ്യും. ഈ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച റോഡിന് പതിനഞ്ച് കൊല്ലത്തെ ഗ്യാരണ്ടിയാണ് നിര്‍മാണ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പക്ഷേ എത്ര മികച്ച സാങ്കേതിക വിദ്യ പ്രയോഗിച്ചിട്ടെന്താ, നമ്മുട റോഡുകളുടെ നിലവാരം നിലനിര്‍ത്താന്‍ അനുവദിക്കുകയില്ലെന്ന വാശിയിലാണ് ജല അതോറിറ്റി. സംസ്ഥാനത്ത് ആദ്യമായി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച റോഡ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപൊളിച്ചു. വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കാനാണ് റോഡ് വെട്ടിപൊളിക്കേണ്ടിവന്നതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ ഇതിന് നേരത്തേ സമയം നല്‍കിയിരുന്നെന്നും ടാറിംഗ് കഴിഞ്ഞപ്പോഴാണ് അറ്റകുറ്റപണിക്ക് വാട്ടര്‍ അതോറിറ്റി എത്തിയതെന്നുമാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നത്. ഈ വിധം നിര്‍ദാക്ഷീണ്യം റോഡുകള്‍ വെട്ടിക്കീറാന്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖരെ ക്രമിനല്‍ കേസ് ചുമത്തി തടവിലിടണം. എങ്കിലേ ഇത്തരം തല തിരിഞ്ഞ ചെയ്തികള്‍ അവസാനിക്കൂ.

മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷവും മലകളും കുന്നുകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയുമാണ് റോഡുകളുടെ തകര്‍ച്ചക്ക് കാരണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. കേരളത്തെ പോലെ നന്നായി മഴ വര്‍ഷിക്കുന്ന ശ്രീലങ്കയിലെയും മറ്റും റോഡുകള്‍ വര്‍ഷങ്ങളോളം പൊട്ടിപ്പൊളിയാതെ നിലനില്‍ക്കുന്നുണ്ടെന്ന കാര്യം അധികൃതര്‍ കാണാതെ പോകരുത്. നിര്‍മാണത്തിലെയും ടാറിംഗിലെയും അപാകതകളാണ് റോഡുകളുടെ ദുരവസ്ഥക്ക് മുഖ്യ കാരണം. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും കരാറുകാരും തമ്മിലുള്ള അവിഹിത ബന്ധം മൂലം പ്രവൃത്തി എത്ര മോശമായാലും പണം പാസ്സായിക്കിട്ടാന്‍ പ്രയാസമുണ്ടാകാറില്ല. റോഡ് നിര്‍മാണത്തെയും അറ്റകുറ്റപണികളെയും കുറിച്ച് വിശദമായ പരിശോധന നടത്താന്‍ സൂപ്രണ്ട് എന്‍ജിനീയര്‍ക്കു കീഴില്‍ റോഡ് സേഫ്റ്റി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സെല്ലിലെ ഉദ്യോഗസ്ഥരെയും കരാറുകാര്‍ കൈയിലെടുക്കുന്നു. ഇത്തരം ക്രമക്കേടുകള്‍ അവസാനിപ്പിക്കാനായി റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും റസിഡന്റ്‌സ് അസോസിയേഷനുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്ന ജനകീയ സമിതികള്‍ക്ക് രൂപം നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. അത് സ്വാഗതാര്‍ഹമാണ്.

Latest