ക്ഷേത്രത്തിന്റെ ഉടമസഥാവകാശം ദേവസ്വത്തിനല്ല ഭക്തര്‍ക്ക് : പന്തളം കൊട്ടാരം പ്രതിനിധികള്‍

Posted on: October 24, 2018 2:49 pm | Last updated: October 24, 2018 at 4:25 pm

പന്തളം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതല്ലെന്നും ഭക്തരുടേതെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ . ദേവസ്വം ബോര്‍ഡ് ട്രസ്റ്റി മാത്രമാണെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു .

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ രാജകുടുംബത്തിന് മുന്നോട്ട് വരേണ്ടിവരും.ശബരിമലയിലെ വരുമാനത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല തങ്ങള്‍ . അത്തരത്തിലുള്ളവര്‍ വേറെയുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്ന ബന്ധമല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ളത്. ലോകമുള്ളടുത്തോളമുള്ള ബന്ധമാണത്. അപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൊട്ടാരത്തിന് അഭിപ്രായമുണ്ടാവുക സ്വാഭാവികമാണെന്നും കൊട്ടാരം പ്രതിനിധിയായ ശശികുമാര വര്‍മ പറഞ്ഞു. ക്ഷേത്രങ്ങളുടെ ഭരണച്ചുമതല കവനന്റിലൂടെയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയത്. കവനന്റില്‍ ക്ഷേത്രാചാരങ്ങള്‍ മാറ്റങ്ങള്‍കൂടാതെ നടപ്പാക്കും എന്ന് പറയുന്നുണ്ട്.

കവനന്റിലെ ഈ വ്യവസ്ഥകള്‍ പാലിക്കണം എന്നാണ് കൊട്ടാരം ആവശ്യപ്പെടുന്നത്. ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിച്ചത്. തിരുവിതാംകൂറില്‍ നിന്ന് അക്കാലത്ത് പണം വാങ്ങിയത് രാജ്യസുരക്ഷക്കാണെന്നും സ്വകാര്യ ആവശ്യത്തിനല്ലെന്നും കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.