Connect with us

National

ഉദ്യോഗസ്ഥരെ മാറ്റിയത് സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനെന്ന് കേന്ദ്രം ; റഫാല്‍ കരാര്‍ അന്വേഷണം ഭയന്നെന്ന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത കാക്കാനാണ് ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്്റ്റ്‌ലി. സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും പരസ്പരം ആരോപണങ്ങളുന്നയിക്കുമ്പോള്‍ ആരാണ് കേസ് അന്വേഷിക്കുകയെന്നും ജെയ്റ്റ്്‌ലി ചോദിച്ചു. സിബിഐയിലെ അഴിമതിയാണ് ഇപ്പോള്‍ വിഷയം. ഇതില്‍ സത്യസന്ധമായ അന്വേഷണം വേണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അതേ സമയം സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ തല്‍സ്ഥാനത്ത്‌നിന്നും നീക്കിയത് റഫാല്‍ കരാര്‍ സിബിഐ അന്വേഷിക്കുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ വിരുദ്ധനായയാള്‍ തലപ്പത്തുണ്ടാകരുതെന്നതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനായി സര്‍ക്കാര്‍ ഒരുക്കിയ നാടകമാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ കലാപമെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണുമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. റഫാല്‍ അന്വേഷണം അട്ടിമറിക്കാനാണ് അലോക് കുമാര്‍ വര്‍മയെ മാറ്റിയതെന്ന് ഇരുവരും ആരോപിച്ചു. കുറച്ച് ദിവസം മുമ്പ് റഫാല്‍ വിഷയത്തില്‍ അലോക് വര്‍മയും പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാറിനെ വലിയതോതില്‍ പ്രകോപിച്ചിരുന്നു. അവലോക് വര്‍മയെ മാറ്റിയതിലൂടെ തങ്ങളുടെ സ്വന്തക്കാരനായ അഴിമതിക്കാരന്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്തതെന്ന് സിപിഎമ്മും ആരോപിച്ചു.