എവിടെ ആക്റ്റിവിസ്റ്റുകളും ഫെമിനിസ്റ്റുകളും?

Posted on: October 24, 2018 10:09 am | Last updated: October 24, 2018 at 10:09 am

ചില ആചാരാനുഷ്ഠാനപരമായ വിഷയങ്ങളിലും പരമ്പരാഗത സദാചാര സങ്കല്‍പ്പങ്ങളിലും വലിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന കോടതി വിധികള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് മലയാളി സമൂഹം. വിവാഹേതരവും ദാമ്പത്യേതരവുമായ ലൈംഗിക ബന്ധങ്ങള്‍ക്ക് നിയമ സാധൂകരണം ലഭിച്ച വിധിയാണതിലൊന്ന്. വിധി നിലനില്‍ക്കുമ്പോഴും മലയാളി സമൂഹത്തില്‍ രൂഢമൂലമായി നിലനില്‍ക്കുന്ന കുടുംബ ജീവിതത്തിന്റെ പവിത്രതയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ മലയാളി ധൃതി കാണിക്കുന്നില്ല എന്നാണ് കണ്ടുവരുന്നത്. അതിനു പ്രധാന കാരണമായി വരുന്നത് മലയാളികള്‍ പൊതുവേ മതങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും എന്നത് തന്നെയാണ്. മറ്റൊന്ന് ഇവിടെ വേരൂന്നിയിട്ടുള്ള നവോത്ഥാനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദേശീയ ചിന്താഗതിക്കാരുമെല്ലാം ഏതാണ്ട് ഒരേ തരം ആശയത്തിലധിഷ്ഠിതമായ സദാചാര സങ്കല്‍പ്പങ്ങളില്‍ തന്നെയാണ് നിലകൊള്ളുന്നത് എന്നതുകൊണ്ട് കൂടിയാണ്. തീര്‍ത്തും വ്യത്യസ്തമായ ചില ചിന്താധാരകള്‍ ഇല്ല എന്നല്ല. സമൂഹത്തെ എളുപ്പത്തില്‍ സ്വാധീനിക്കാനാവുന്ന മതരാഷ്ട്രീയ സംഘടനകളെല്ലാം ഏതാണ്ട് സമാനമായ സദാചാര സങ്കല്‍പ്പ പാതയിലാണ് സഞ്ചരിക്കുന്നത്.

എന്നാല്‍, ശബരിമല സ്ത്രീ പ്രവേശനവുമായ ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സമരങ്ങളും കോലാഹലങ്ങളുമാണ് വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും സങ്കീര്‍ണ പ്രശ്‌നമായി കത്തിനില്‍ക്കുന്നത്. വിധി പ്രസ്താവിച്ച കോടതിക്കല്ല വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ കേരളത്തിലെ സര്‍ക്കാറിന് മേലാണ് താങ്ങാവുന്നതിലപ്പുറമായ ഒരു ഭാരമായി ഈ വിധി തൂങ്ങിനില്‍ക്കുന്നത്. കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തിലാണ് ഈ വിധി കേരളത്തിലെ സര്‍ക്കാറിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കാരണം, നവോത്ഥാനത്തില്‍ നിന്നും ഊര്‍ജം കൊണ്ട് വളര്‍ന്നുപന്തലിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ എന്ന നിലക്ക് ഗവര്‍മെന്റിന്റെ മനസ്സും ശരീരവും വിധിക്കനുകൂലമായി ത്തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷേ, വിധി വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ച് തീവ്രമായി സമരമുഖത്ത് നിലയുറപ്പിച്ചിട്ടുള്ളവര്‍ വിധി പറഞ്ഞ കോടതിയേക്കാളും വലിയ ശത്രുവായി സംസ്ഥാന ഭരണത്തെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശരിക്കും ഈയൊരു വിധിക്കനുകൂലമായി രംഗത്തുവരേണ്ടിയിരുന്ന നല്ലൊരു പക്ഷം ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും പുലര്‍ത്തുന്ന നിസ്സംഗത സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. വിധിക്കനുകൂലമായി മുന്നോട്ടുവരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിലരെങ്കിലും (അതില്‍ ആക്ടിവിസ്റ്റുകള്‍ എന്നവകാശപ്പെടുന്നവര്‍) ശബരിമലയില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള ഇടപെടലുകള്‍ക്ക് മുതിരുന്നു. ആക്ടിവിസ്റ്റുകള്‍ ശരിക്കും ഒരു പ്രബുദ്ധസമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്. അനീതിക്കും അസമത്വങ്ങള്‍ക്കുമെതിരെയുള്ള സമരമുഖത്ത് നിലയുറപ്പിക്കേണ്ടവര്‍ തന്നെയാണ് അവര്‍. പക്ഷേ, തങ്ങള്‍ക്കില്ലാത്ത ഭക്തി ഉണ്ടെന്ന് നടിച്ച് ശബരിമല പോലുള്ള ഒരിടത്തേക്ക് മല കയറാന്‍ വരിക വഴി അവരുടെ പ്രവര്‍ത്തനം കലാപത്തിന് വഴിവെക്കുന്ന തരത്തിലാവുമ്പോള്‍ അതിനോട് യോജിക്കാനാകില്ല.

കേരളത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളില്‍ പലരും സുപ്രീം കോടതി വിധിക്കനുകൂലമായി രംഗത്തുവന്നു കാണുന്നില്ല. എന്തുകൊണ്ട് സുഗതകുമാരിയെയും സി ആര്‍ നീലകണ്ഠനെയും പോലുള്ള പലരെയും ചാനല്‍ ചര്‍ച്ചകളിലൊന്നും ഈ വിഷയത്തില്‍ കാണുന്നില്ല? ഒന്നുരണ്ട് പേര്‍ മാത്രം സൂചിപ്പിച്ചുവെന്ന് മാത്രം. ഈ ലിസ്റ്റിലേക്ക് പല പേരുകളും ഇനിയും കൂട്ടിച്ചേര്‍ക്കാവുന്നതേയുള്ളു. സി പി എമ്മിനേയും ഇടതുപക്ഷത്തേയും ടാര്‍ജറ്റ് ചെയ്തു കൊണ്ട് നടക്കുന്ന ‘വിശ്വാസിസമരം’ പരമാവധി അങ്ങ് ശക്തിപ്പെടട്ടെ എന്ന ദുര്‍വിചാരം ഈ വിഷയത്തിലും സ്വതന്ത്ര ചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്ന ആക്ടിവിസ്റ്റുകളെയും നയിക്കുന്നതായി കണക്കാക്കണം.

പ്രളയകാലത്തു കണ്ട ഐക്യത്തെ തകര്‍ത്തെറിഞ്ഞ് കേരളത്തെ എങ്ങിനെ കലാപഭൂമിയാക്കാം എന്ന പരീക്ഷണത്തിന്റെ കൊണ്ടു പിടിച്ച ശ്രമത്തിലാണ് പലരും. അതിനു വീണ കിട്ടിയ ഒരു വിധി തന്നെയാണ് ഇത്. ഇടതുപക്ഷ ഭരണം നടക്കുന്ന കേരളത്തില്‍ ഇത് നടപ്പാക്കുമ്പോള്‍ സ്വഭാവികമായും വിശ്വാസികളെ ഇളക്കിവിടാന്‍ സംഘ്പരിവാര്‍ കൊണ്ടു പിടിച്ചു ശ്രമിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ അവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിക്കൊണ്ട് രംഗം കൊഴുപ്പിക്കുന്ന മറ്റു ചില വലതുപക്ഷ പാര്‍ട്ടികളും അവരുടെ സഹയാത്രികരും ഇപ്പോള്‍ കൈക്കൊള്ളുന്ന അഴകൊഴമ്പന്‍ നയം കേരളത്തെ വലിയൊരു പരീക്ഷണത്തിന് വിട്ടുകൊടുക്കുവാന്‍ മാത്രമേ ഉപകരിക്കൂ. ആ പരീക്ഷണം കേരളത്തെ എങ്ങനെ എളുപ്പത്തില്‍ വലതുപക്ഷ വത്കരിക്കാന്‍ അണിയിച്ചൊരുക്കാന്‍ പാകപ്പെടുത്തുക എന്നതു തന്നെയാണ്.
ബി ജെ പി നേതാവ് സുരേന്ദ്രന്റെയും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റേയും ശബ്ദവും ആഹ്വാനവും ഈ വിഷയത്തില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നത് ഇടതുവിരുദ്ധ കലാപം എന്ന ലക്ഷ്യത്തിലേക്കാണ്. ഇതൊരു പുതിയ തരം പരീക്ഷണമാണ്. മുന്‍കാലങ്ങളില്‍ പയറ്റി പരാജയപ്പെട്ട കോ ലീ ബി സഖ്യത്തിന്റെ പുനരാവിഷ്‌കരണം. ഗുജറാത്ത് കഴിഞ്ഞാല്‍ ചിട്ടയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ശാഖകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഒരിടം കേരളമാണെന്നാണ് അണിയറയില്‍ അറിയപ്പെടുന്ന രഹസ്യം. അതുപോലെ ക്രിസ്തീയ വര്‍ഗീയതയുടേയും മുസ്‌ലിം വര്‍ഗീയതയുടേയും പേരില്‍ നടക്കുന്ന അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളും രഹസ്യ അജന്‍ഡയായി കൊണ്ടു നടക്കുന്നതും അവരുടെ രഹസ്യ കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും അന്യമതവിദ്വേഷങ്ങള്‍ മാത്രമല്ല, ‘കേരളം വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള ഇടതുപക്ഷ ഇടമാണെന്ന് കൂടിയാണ്.’ ഇതിനെയൊക്കെ അതിജീവിക്കേണ്ട ബാധ്യത ഇവിടെ ഏറ്റെടുക്കേണ്ടത് ശരിയായ ഇടതുപക്ഷ മതേതര ചിന്താഗതിക്കാര്‍ തന്നെയാണ്. പിന്നെ ഇത്തരം വിപത്തുകള്‍ ദീര്‍ഘദൃഷ്ടിയോടെ കണ്ടറിഞ്ഞ് ചെറുത്തു തോല്‍പ്പിക്കേണ്ട കടമ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ക്കുമുണ്ട്. അവയിലും വന്‍കിട സ്ഥാനത്തുള്ളവര്‍ ഇവിടേയും വലതുപക്ഷ അജന്‍ഡകളുടെ പരസ്യ പ്രചാരകരാണെന്നതും കാണാതിരുന്നുകൂടാ.

എത്ര പുണ്യാഹം തെളിച്ചാലും മുദ്രാവാക്യങ്ങളില്‍ മുങ്ങിക്കുളിച്ചാലും പോകുന്ന ഒന്നല്ല ദാസ്യമനോഭാവം എന്ന് ബാബു ഭരദ്വാജിന്റേതായ നിരീക്ഷണമുണ്ട്. ആ ചിന്തക്കടിമപ്പെട്ട അനുയായി വൃന്ദങ്ങളെ ഉപകരണമാക്കി കേരളത്തെ എങ്ങനെ വര്‍ഗീയവല്‍ക്കരിച്ച് കാര്യം നേടാമെന്നതില്‍ പല തരത്തിലുളള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ഇവര്‍ സ്വീകരിക്കുന്ന തന്ത്രപരമായ ഒരു മാര്‍ഗം കേരളത്തില്‍ മാത്രം വേരുപിടിച്ചിരുന്ന എല്ലാ പുരോഗമന മതേതര ചിന്തകളേയും എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറ്റിനിറുത്തി ഇവിടം ‘വിശ്വാസം അപകടത്തില്‍’ എന്ന വൈകല്യചിന്തയുടെ വെടിമരുന്നിന് തീ കൊടുക്കാനുള്ള ശ്രമത്തിലാണ്. ഇത് രാഷ്ട്രീയ പരമായ വലതുപക്ഷ അജണ്ട തന്നെയാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ആര്‍ക്കാണാവുക എന്നതു തന്നെയാണ് കേരളത്തില്‍ ഇപ്പോള്‍ ഉയരേണ്ട പ്രസക്തമായ ചോദ്യം.