ന്യൂയോര്‍ക്ക് പോലീസിനെയും പിന്തള്ളി, ഫേസ്ബുക്കില്‍ കേരളാപോലീസ് നമ്പര്‍ വണ്‍

Posted on: October 23, 2018 9:03 pm | Last updated: October 23, 2018 at 9:03 pm

തിരുവനന്തപുരം: ലോകത്തെ മികച്ച പോലീസ് ഫേസ്ബുക്ക് പേജായ ന്യൂയോര്‍ക്ക് പോലീസിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിന്റെ നെറുകെയില്‍. രാജ്യത്തെ മികച്ച പോലീസ് ഫേസ്ബുക്ക് പേജെന്ന പ്രശസ്തി കൈവരിച്ച തൊട്ടുപിന്നാലെയാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെയും പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് പ്രചാരണത്തിലുള്ള കുതിപ്പ് കൈവരിച്ചിരിക്കുന്നത്. കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ പേജ് ലൈക്കുകളുടെ എണ്ണം കൂട്ടാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. അന്ന് ബെംഗളൂരു ട്രാഫിക് പോലീസിന്റെ 4.94 ലക്ഷം ലൈക്ക് മറികടന്നിരുന്നു. വ്യത്യസ്തമായൊരു ട്രോള്‍ തയ്യാറാക്കിയാണ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നത്. പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും പോലീസ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.