ശബരിമല വിധി: കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം- പ്രതിപക്ഷ നേതാവ്

Posted on: October 23, 2018 10:05 am | Last updated: October 23, 2018 at 12:39 pm

കോഴിക്കോട്: ശബരിമല വിഷയം ഭരണഘടനാ ഭേദഗതിയിലൂടെയെ പരിഹരിക്കാനാകുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി പ്രകാരം ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമാക്കുന്ന തരത്തിലുള്ള ഭേഗഗതി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. ഇക്കാര്യം ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള എന്ത് കൊണ്ട് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ശബരിമല വിഷശയത്തില്‍ ശ്രീധരന്‍പിള്ള തെറ്റിദ്ധരിപ്പിക്കുകയാണ്. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും നിയമനിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപിക്കാന്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കാമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചു കളിക്കുകയാണ്. സുപ്രീം കോടതിയുടെ ഗുണഭോക്താക്കള്‍ 99 ശതമാനവും സ്ത്രീകളാണെങ്കിലും അവര്‍ അതിന് എതിരാണ്. ഇത് മനസിലാക്കാതെയാണ് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.