ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരില്‍ ഭീകരസംഘം തമ്പടിച്ചിരിക്കുന്നതായി ഇന്ത്യന്‍ സേന. മഞ്ഞ് വീഴ്ചക്ക് മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ വലിയ സംഘം ശ്രമിക്കുകയാണെന്ന വിവരത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും ഇക്കഴിഞ്ഞ മേയില്‍ തീരുമാനമെടുത്തെങ്കിലും അതിന് ശേഷം ഏഴ് നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി.
നിയന്ത്രണരേഖക്കിപ്പറത്തേക്ക് ഭീകരരെ എത്തിക്കുന്നത് പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്ന് ഇന്ത്യ ആരോപിച്ചു . അതേ സമയം പത്തില്‍താഴെ ഭീകരര്‍ ഇതോടെ ഇന്ത്യയിലേക്ക് കടന്നതായും സംശയമുണ്ട്. 30 കേന്ദ്രങ്ങളിലായി 300 ഓളം ഭീകരര്‍ അതിര്‍ത്തിക്കപ്പുറം തമ്പടിച്ചതായാണ് വിവരം. ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ക്കു നേരെ 2016ല്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു. വേണ്ടി വന്നാല്‍ ഇനിയും അതിന് മടിക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതിനെതിരെ ഒന്നിന് പത്തായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരുന്നു.