അമേരിക്കയെ വെല്ലുവിളിച്ച് അഭയാര്‍ഥികള്‍; ‘ട്രംപിന്റെ ഭീഷണിയേക്കാളും ശക്തി ഞങ്ങള്‍ക്കുണ്ട്’

Posted on: October 22, 2018 9:59 pm | Last updated: October 22, 2018 at 9:59 pm

മെക്‌സിക്കന്‍ സിറ്റി: ആക്രമണവും കലാപവും ഭയന്ന് മധ്യ അമേരിക്കയില്‍ നിന്ന് മെക്‌സിക്കന്‍ അതിര്‍ത്തി വഴി യു എസിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുന്നു. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരെ ട്രംപ് നടത്തിയ പ്രകോപനപരമായ വെല്ലുവിളികളും ഭീഷണിയും വകവെക്കാതെയാണ് ഇവര്‍ ബോട്ട് മാര്‍ഗവും മറ്റും അതിര്‍ത്തി കടന്നത്. തങ്ങളുടെ ശക്തി ട്രംപിന്റെ ഭീഷണിയേക്കാള്‍ വലിയതാണെന്ന് കുടിയേറ്റക്കാരിലൊരാളെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ഹോണ്ടുറാസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് യു എസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. എന്നാല്‍, എന്തുവിലകൊടുത്തും ഇവരെ തടയുമെന്നാണ് ട്രംപിന്റെ ഭീഷണി.
അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുന്ന രാജ്യങ്ങളെ ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങള്‍ക്ക് സൈനിക, സാമ്പത്തിക സഹായം നല്‍കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സൈന്യം അഭയാര്‍ഥികളെ തടഞ്ഞതോടെ സമീപത്തെ സുചിയാറ്റെ നദി നീന്തിക്കടന്നാണ് ഇവര്‍ മെക്‌സിക്കോയിലെ അമേരിക്കന്‍ അതിര്‍ത്തിയിലെത്തിയത്.

തൊഴിലില്ലായ്മ കൊണ്ടും ആക്രമണങ്ങള്‍ കൊണ്ടും പൊറുതി മുട്ടിയ ആയിരക്കണക്കിന് ഹോണ്ടുറാസ് അഭയാര്‍ഥികളാണ് അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നത്. ഗ്വാട്ടിമാല വഴിയാണ് ഇവര്‍ മെക്‌സിക്കന്‍ തീരത്തെത്തിയത്. മെക്‌സിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാമെന്ന വിശ്വാസത്തിലാണ് സംഘം കൂട്ടത്തോടെ പലായനം ചെയ്തത്.
എന്നാല്‍, കടുത്ത അഭയാര്‍ഥിവിരുദ്ധനായ ട്രംപ് ഹോണ്ടുറാസ് ജനങ്ങളോട് മടങ്ങിപ്പോകാനാണ് ആവശ്യപ്പെടുന്നത്. അഭയാര്‍ഥികളെ ആട്ടിയോടിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
4,500 കിലോമീറ്റര്‍ താണ്ടി മൂവായിരത്തോളം പേരാണ് അതിര്‍ത്തിയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗവും കാല്‍നടയായാണ് യാത്ര ചെയ്തത്. രോഗം കൊണ്ടും മറ്റും വലയുന്നവരാണ് അഭയാര്‍ഥികളില്‍ കൂടുതല്‍ പേരും. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമോ ഭക്ഷണമോ അതിര്‍ത്തിയിലെത്തിയിട്ടില്ല.

അതേസമയം, കാലാവധിയുള്ള പാസ്‌പോര്‍്ട്ടും വിസയുമുള്ളവരെ പെട്ടെന്ന് തന്നെ രാജ്യത്തേക്ക് സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, അഭയാര്‍ഥികളില്‍ വളരെ ന്യൂനപക്ഷം മാത്രമെ വിസക്ക് അപേക്ഷ നല്‍കിയിട്ടുള്ളൂവെന്നാണ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കുന്നത്.