പിന്നോട്ടില്ലെന്ന് പിണറായി; ശബരിമലയില്‍ വിധി അതേപടി നടപ്പാക്കും; പ്രക്ഷോഭകരുടെ ലക്ഷ്യം സംഘര്‍ഷമുണ്ടാക്കല്‍

Posted on: October 22, 2018 9:44 pm | Last updated: October 23, 2018 at 10:19 am

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല. രാജ്യംഭരിക്കുന്ന കക്ഷിയാണ് സുപ്രീം കോടതി വിധിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്നും ഇതുകൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഉലയ്ക്കാനികില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്ന നാടാണിത്. അപ്പൊഴാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രക്ഷോഭം. ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.