ധോണിയും ഗംഭീറും ബിജെപിയിലേക്ക്; പ്രതിച്ഛായ വീണ്ടെടുക്കാന്‍ ക്രിക്കറ്റ് താരങ്ങളെ കൂട്ടുപിടിക്കുന്നു

Posted on: October 22, 2018 9:05 pm | Last updated: October 22, 2018 at 9:31 pm

ന്യൂഡല്‍ഹി: നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ബിജെപി ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവര്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരുമായി ബിജെപി നേതൃത്വം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബിജെപി പ്രവേശനം സംബന്ധിച്ച് താരങ്ങളോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിലവിലെ എംപി മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ക്രിക്കറ്റ് രംഗത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഗംഭീര്‍ മണ്ഡലത്തിലെ രജീന്ദര്‍ നഗര്‍ സ്വദേശിയാണ്. സുപ്രീം കോടതി അഭിഭാഷകയായിരുന്ന മീനാക്ഷിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയും അണികളും അതൃപ്തരാണെന്നതും ഗംഭീറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ധോണിയെ അദ്ദേഹത്തിന്റെ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ നിന്ന് രംഗത്തിറക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ ധോണി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ദക്ഷിണേന്ത്യയിലും ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

ഇരുവരും ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും എകദിന, ട്വന്റി 20 മത്സരങ്ങളില്‍ ധോണി കളിക്കുന്നുണ്ട്. അടുത്ത ലോകകപ്പ് ടീമിലും ധോണിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ് ഗംഭീര്‍. നേരത്തെ, ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, നവ്‌ജോത് സിംഗ് സിദ്ദു, മുഹമ്മദ് കൈഫ് തുടങ്ങിയവര്‍ വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച താരങ്ങളാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നിലവില്‍ രാജ്യസഭാംഗമാണ്.