ലൗ ജിഹാദ് പൊളിയെന്ന് എന്‍ ഐ എയും

Posted on: October 21, 2018 10:33 am | Last updated: October 21, 2018 at 10:33 am

കേരളത്തിലെ മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ലൗ ജിഹാദോ, നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനമോ, ബാഹ്യമായ ഇടപെടലുകളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു എന്‍ ഐ എ. ഹാദിയ- ശഫിന്‍ ജഹാന്‍ വിവാഹത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് ചില വര്‍ഗീയ ശക്തികള്‍ ശക്തമായ പ്രചാരണം അഴിച്ചു വിട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ സമീപ കാലത്ത് നടന്ന മിശ്രവിവാഹങ്ങളും മതപരിവര്‍ത്തനങ്ങളും വിശദമായി അന്വേഷിച്ച ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി ഈ നിഗമനത്തിലെത്തിയത്. ശഫിന്‍ ജഹാന്റേതുള്‍പ്പെടെ സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മതം മാറ്റങ്ങളിലൊന്നും ലൗ ജിഹാദിന്റെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍ ഐ എ സുപ്രീം കോടതിയെ അറിയിച്ചിട്ടുമുണ്ട്.

തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയമാണ് ലൗ ജിഹാദ്. അഥവാ പ്രണയം നടിച്ച് ഇതര സമുദായക്കാരായ പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തിപ്പിക്കുന്നുവെന്ന പ്രചാരണം. മാന്യമായും സമാധാനപരമായും ജീവിക്കുന്ന മുസ്‌ലിം സഹോദരന്മാരെ സമൂഹ മധ്യേ താറടിക്കുക, അവരെക്കുറിച്ച് ഇതര സമുദായക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക, സംസ്ഥാനത്ത് മതസ്പര്‍ധ സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ മെനഞ്ഞെടുത്ത കുതന്ത്രമാണിത്. തീവ്രഹിന്ദുത്വ ചിന്താഗതിക്കാരനായ മാര്‍ഗ്ഷ് കൃഷ്ണ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഹിന്ദു ജനജാഗ്രുതിയുടെ വെബ്‌സൈറ്റ് 2009ല്‍ ഉന്നയിച്ച ഈ വ്യാജാരോപണം ഏറ്റുപിടിച്ച് സംസ്ഥാനത്തെ രണ്ട് പത്രങ്ങളാണ് വന്‍ വിവാദമാക്കി മാറ്റിയത്. കേരളീയ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്നതുള്‍പ്പെടെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ലൗ ജിഹാദ് കല്‍പ്പിത കഥകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മേലങ്കിയണിയിച്ച് സ്വന്തം കണ്ടെത്തലെന്ന മട്ടിലാണ് പ്രചാരണത്തില്‍ ഒന്നാമതുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തത്. കേരള കത്തോലിക്ക മെത്രാന്‍ സമിതി പോലും ഈ വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മുസ്‌ലിംകള്‍ക്കെതിരെ പ്രസ്താവന നടത്തുകയുണ്ടായി. അവസാനം വിഷയം കോടതിയിലെത്തുകയും കോടതിയുടെ നിര്‍ദേശാനുസാരം സംസ്ഥാന പോലീസ് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. മുസ്‌ലിം സമുദായത്തിലെ തീവ്രാശയ വിഭാഗക്കാര്‍ പോലും ലൗ ജിഹാദിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയേയും മതം മാറ്റിയിട്ടില്ലെന്നും പെണ്‍കുട്ടികളെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹിന്ദു ജനജാഗ്രുതിയുടെ വെബ ്‌സൈറ്റ് മെനഞ്ഞെടുത്ത കെട്ടുകഥയാണ് ലൗ ജിഹാദെന്നും 2012ല്‍ ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍, ഡി ജി പി ജേക്കബ് പുന്നൂസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹാദിയയുടേതുള്‍പ്പെടെ സംസ്ഥാനത്തുണ്ടായ ചില മതംമാറ്റങ്ങളുടെയും വിവാഹങ്ങളുടെയും പശ്ചാത്തലത്തിലാണ് അടുത്തിടെ വീണ്ടും ലൗ ജിഹാദ് ആരോപണവുമായി ചിലര്‍ രംഗത്ത് വന്നത്. ഇക്കൂട്ടത്തില്‍ സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും മുന്‍ ഡി ജി പി സെന്‍കുമാറും ഉള്‍പ്പെടെ പോലീസ് തലപ്പത്തെ പ്രമുഖര്‍ വരെയുണ്ട്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ലൗ ജിഹാദ് ഇടപെടലുകളുണ്ടെന്നും വിദ്യാഭ്യാസമുള്ള യുവതികളെയാണ് ചതിക്കുഴിയില്‍ വീഴ്ത്തുന്നതെന്നും ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെയാണെന്നും ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസെന്നും ബെഹ്‌റ പറയുകയുണ്ടായി. മതം മാറ്റം ലക്ഷ്യമാക്കി കേരളത്തില്‍ ദഅ്‌വാ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച ബെഹ്‌റ ദഅ്‌വയെന്നാല്‍ മതം മാറ്റമെന്നാണ് അര്‍ഥമെന്ന ശുദ്ധവിവരക്കേടും തട്ടിവിട്ടു. സെന്‍കുമാറിന്റെയും ബെഹ്‌റയുടെയും സംഘ്പരിവാര്‍ വിധേയത്വം കേരളീയ സമൂഹത്തിന് നേരത്തെ അറിയാമെന്നതിനാല്‍ അതാരും മുഖവിലക്കെടുത്തിട്ടില്ലെന്നത് വേറെ കാര്യം.

ഇസ്‌ലാമിലേക്ക് സ്വമേധയാ ധാരാളം പേര്‍ വിശിഷ്യാ വിദ്യാസമ്പന്നര്‍ കടന്നു വരുന്നുണ്ട്. യുവതികളുമുണ്ട് ഇക്കൂട്ടത്തില്‍. സ്വാഭാവികമായും മതം മാറ്റത്തിന് ശേഷം അവര്‍ മുസ്‌ലിം യുവാക്കളുമായി വിവാഹിതരാകും. കഴിഞ്ഞ കാലങ്ങളിലെല്ലാം ഇത്തരം മതംമാറ്റങ്ങളും വിവാഹങ്ങളും നിരാക്ഷേപം നടന്നിട്ടുണ്ട്. മതം മാറാതെയും ഇരു സമുദായക്കാര്‍ വിവാഹിതരാകാറുണ്ട്. ഇത്തരം വിവാഹത്തിന്റെ കണക്കുകളാണ് മാധ്യമങ്ങളും കത്തോലിക്ക മെത്രാന്‍ സമിതി പോലെയുള്ള ഉത്തരവാദിത്വപ്പെട്ട സംഘടനയും ലൗ ജിഹാദ് സംബന്ധിച്ചുള്ള തങ്ങളുടെ മുന്‍വിധിയും വാദങ്ങളും ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കാട്ടിയത്. ലൗ ജിഹാദിന്റെ കാര്യത്തില്‍ പോലീസ് പോലും മുസ്‌ലിം സമുദായത്തിനെതിരായ മുന്‍വിധി നിറഞ്ഞ നിലപാടാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ജഡ്ജി ശങ്കരന്‍ തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്.
തികച്ചും സമാധാനപരവും സൗഹൃദം പൂക്കുന്നതുമാണ് കേരളീയ സാമൂഹികാന്തരീക്ഷം. ലൗ ജിഹാദ് പോലുള്ള കെട്ടുകഥകള്‍ അതിനെ കലുഷിതമാക്കിയാല്‍ തുടര്‍ന്ന് ഉരുത്തിരിഞ്ഞു വരുന്ന സാമുദായിക ശത്രുത ചിലപ്പോള്‍ നമ്മുടെ കണക്കുകൂട്ടകലുകള്‍ക്കെല്ലാമപ്പുറം ഭയാനകവും ഭീകരവുമായിരിക്കും. മനുഷ്യനെ ജീവനോടെ പെട്രോളൊഴിച്ചു തീയിട്ടും അവയവങ്ങള്‍ ഒന്നൊന്നായി വെട്ടിനുറുക്കിയും കൊലപ്പെടുത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹിന്ദുത്വ ഭീകരരുടെ ചെയ്തികള്‍ മാധ്യമങ്ങളിലൂടെ നാം അറിയുന്നേയുള്ളൂ ഇപ്പോള്‍. സംസ്ഥാനത്ത് അത് നേരില്‍ കാണാനും അനുഭവിക്കാനും ഇടവരുത്താതിരിക്കണമെങ്കില്‍ ലൗ ജിഹാദ് പോലുള്ള വ്യാജപ്രചാരണങ്ങളില്‍ നിന്ന് സമൂഹം മാറി നില്‍ക്കണം. വര്‍ഗീയ പ്രചാരണങ്ങളുടെ ഉറവിടങ്ങളായ സംഘ്പരിവാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.