നടയടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം കോടതി അലക്ഷ്യം: കെപി ശങ്കര്‍ദാസ്

Posted on: October 20, 2018 9:54 am | Last updated: October 20, 2018 at 12:47 pm

പമ്പ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനത്തിനെതിരെ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ്. തന്ത്രിയുടെ പ്രഖ്യാപനം കോടതി വിധിയോടുള്ള ലംഘനമാണെന്ന് ശങ്കര്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യം അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം രാജ കുടുംബവും ചിലരുടെ രാഷ്്ട്രീയ അജണ്ടക്കായി നിലകൊള്ളുകയായിരുന്നുവെന്നും ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാനാവില്ല. പരികര്‍മ്മിമാരുടെ ജോലി സമരം ചെയ്യലല്ലെന്നും അതുകൊണ്ടാണ് വിശദീകരണം തേടിയതെന്നും പറഞ്ഞ ശങ്കര്‍ദാസ് രഹ്ന ഫാത്വിമ സന്നിധാനത്തെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ആരോപിച്ചു.