തല കുനിച്ച് പുറത്തേക്ക്

അയോധ്യാ വസ്തുതാന്വേഷണ പാര്‍ലിമെന്ററി സമിതിയില്‍ അംഗമായ അക്ബറിനെ സംഘ്പരിവാറുകാര്‍ തടഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നു: 'ഇന്ന് ഞാന്‍ കണ്ടത് ഫാസിസത്തിന്റെ ഭീകരമുഖമാണ്. ഇന്ത്യക്ക് പരിചിതമല്ലാത്ത മുഖം'. അന്ന് ഫാസിസത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അക്ബറിനെ 2014 മാര്‍ച്ചില്‍ കാണുന്നത് ബി ജെ പി ക്യാമ്പിലാണ്. അദ്ദേഹത്തെ ബി ജെ പി യഥോചിതം സ്വീകരിച്ചു. കയറ്റങ്ങള്‍ പലത് കണ്ട് അക്ബര്‍ താത്കാലികമായെങ്കിലും ഇറങ്ങുമ്പോള്‍ സംഭവബഹുലമായ അദ്ദേഹത്തിന്റെ കരിയര്‍ മുഴുവന്‍ സംശയത്തിന്റെ നിഴലിലാണെന്നതാണ് വസ്തുത.
Posted on: October 17, 2018 8:44 pm | Last updated: October 17, 2018 at 9:05 pm

ഇരുപതിലധികം വനിതാ പ്രവര്‍ത്തകര്‍ ആരോപണവുമായി വളഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെയാണ് തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേന്ദ്ര മന്ത്രിയുമായ എം ജെ അക്ബര്‍ കളം വിടുന്നത്. വെളിപ്പെടുത്തലുകളുടെ പരമ്പര തീര്‍ത്ത് തുടരുന്ന മീ ടൂ ക്യാമ്പയിന്‍ ഇതോടെ സ്‌ഫോടനാത്മകമായ നില കൈവരിക്കുകയാണ്. തനിക്കെതിരെ ആദ്യമായി ആരോപണമുന്നയിച്ച പ്രിയാ രമണിക്കെതിരെ നിയമനടപടി ആരംഭിച്ച്, പ്രതിരോധിക്കാന്‍ അക്ബര്‍ ഒരു ശ്രമം നടത്തിയെങ്കിലും ആരോപണങ്ങളുടെ കുത്തൊഴുക്ക് തടയാന്‍ അത് ഉപകരിച്ചില്ല. തുരുതുരാ വെളിപ്പെടുത്തലുകള്‍ വന്നു. അക്ബര്‍ വിദേശ പര്യടനത്തിലായിരിക്കുമ്പോള്‍ തന്നെ നരേന്ദ്ര മോദി മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍ അദ്ദേഹത്തെ കൈയൊഴിയുന്ന തരത്തിലാണ് പ്രതികരിച്ചിരുന്നത്. സുഷമാ സ്വരാജ് ഒന്നും മിണ്ടിയില്ല. അക്ബര്‍ തീരുമാനിക്കട്ടെയെന്ന് സ്മൃതി ഇറാനി പറഞ്ഞു. തിരിച്ചെത്തിയാല്‍ രാജിയെന്ന് വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. രാജി അയച്ചുവെന്ന് വരെ അഭ്യൂഹം പരന്നു. പക്ഷേ, ഗൂഢാലോചനാ സിദ്ധാന്തം പുറത്തെടുക്കുകയായിരുന്നു അക്ബര്‍. ഒടുവില്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് നിന്ന് അക്ബര്‍ ഇറങ്ങുന്നത് പ്രധാനമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതുകൊണ്ടാണെന്ന് വ്യക്തമാകുകയാണ്.
മൂന്ന് പതിറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തന കാലം നേട്ടങ്ങളുടേതായിരുന്നു. ചാഞ്ചാട്ടങ്ങളുടേതും. കുറിക്കു കൊള്ളുന്ന ഭാഷയും ആഴത്തിലുള്ള ചരിത്ര, സാമൂഹിക ബോധവും അദ്ദേഹത്തെ വിജയിച്ച പത്രപ്രവര്‍ത്തകനാക്കി. 1971ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ട്രെയിനിയായി ചേര്‍ന്ന അക്ബര്‍ പിന്നീട് ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലേക്ക് മാറി. അന്നത്തെ ഏറ്റവും വില്‍പ്പനയുള്ള മാഗസിനായിരുന്നു അത്. രാഷ്ട്രീയ വാര്‍ത്തകളിലും ഫീച്ചറെഴുത്തിലും അദ്ദേഹം തന്റേതായ വഴി വെട്ടി. പിന്നെ നിരവധി സ്ഥാപനങ്ങളിലൂടെ സഞ്ചരിച്ചു. മിക്കയിടത്തും ഉന്നത കസേരകളില്‍ തന്നെയായിരുന്നു അദ്ദേഹം. ഇന്ത്യാ ടുഡേ, ഹെഡ്‌ലൈന്‍ ടുഡേ, ദി ടെലഗ്രാഫ്, ദി ഏഷ്യന്‍ ഏജ്, ഡെക്കാന്‍ ക്രോണിക്കിള്‍ ഇങ്ങനെ പോകുന്നു ആ നിര. ഇതില്‍ പല പ്രസിദ്ധീകരണങ്ങളുടെയും മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ ഊര്‍ജമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇറങ്ങിയ ദി ടെലഗ്രാഫ് തന്നെയാണ് പ്രധാനം. അതിന്റെ ഉള്ളടക്കവും പ്രസിദ്ധീകരണ മികവും രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റി. ഗ്രന്ഥ രചനയിലും അക്ബര്‍ മുഴുകി. പത്രങ്ങള്‍ മാറുമ്പോഴെല്ലാം ‘ബൈ ലൈന്‍’ എന്ന പംക്തി അദ്ദേഹം അവിടെയെല്ലാം തുടര്‍ന്നു.

ഈ മുന്നേറ്റങ്ങളാണ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ബിഹാറുകാരനായ അക്ബറിന് ഊര്‍ജം നല്‍കിയത്. 1989ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നായിരുന്നു മത്സരം. 1991വരെ പാര്‍ലിമെന്റംഗമായി. ബാബരി മസ്ജിദ് ധ്വംസനത്തിനായി രാജ്യത്താകെ സംഘ് സംഘടനകള്‍ ഒരുക്കം നടത്തുമ്പോള്‍ അക്ബറിന്റെ വാക്കുകള്‍ ശക്തമായ പ്രതിരോധമായി മാറിയിരുന്നു. അന്ന് അയോധ്യാ വസ്തുതാന്വേഷണ പാര്‍ലിമെന്ററി സമിതിയില്‍ അംഗമായ അക്ബറിനെ സംഘ്പരിവാറുകാര്‍ തടഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നു: ‘ഇന്ന് ഞാന്‍ കണ്ടത് ഫാസിസത്തിന്റെ ഭീകരമുഖമാണ്. ഇന്ത്യക്ക് പരിചിതമല്ലാത്ത മുഖം’. പക്ഷേ ഇത്രമാത്രം വ്യക്തമായ ശബ്ദം കേള്‍പ്പിച്ച അക്ബര്‍ 1992ല്‍ രാഷ്ട്രീയം മതിയാക്കി പത്രപ്രവര്‍ത്തനത്തിലേക്ക് തന്നെ തിരിഞ്ഞു.
അന്ന് ഫാസിസത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അക്ബറിനെ 2014 മാര്‍ച്ചില്‍ കാണുന്നത് ബി ജെ പി ക്യാമ്പിലാണ്. അദ്ദേഹത്തെ ബി ജെ പി യഥോചിതം സ്വീകരിച്ചു. പാര്‍ട്ടി വക്താവാക്കി. മധ്യപ്രദേശില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്കയച്ചു. 2016 ജൂലൈയില്‍ കേന്ദ്ര മന്ത്രിയാക്കി. കയറ്റങ്ങള്‍ പലത് കണ്ട് അക്ബര്‍ താത്കാലികമായെങ്കിലും ഇറങ്ങുമ്പോള്‍ സംഭവബഹുലമായ അദ്ദേഹത്തിന്റെ കരിയര്‍ മുഴുവന്‍ സംശയത്തിന്റെ നിഴലിലാണെന്നതാണ് വസ്തുത.