Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ഗാസ സിറ്റി: ഫലസ്തീനിലെ ഗാസ സിറ്റിക്ക് നേരെ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ഗാസ മുനമ്പിലെ 20ലധികം കേന്ദ്രങ്ങള്‍ക്ക് നേരെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാജി അഹമ്മദ് അല്‍സനീന്‍(25)ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയിലുണ്ടായ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം മരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. മധ്യഗാസയിലെ ദാര്‍അല്‍ബലാഹിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു ഇവര്‍ക്ക് നേരെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടന്നതായി ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിന് നേരെയും ആക്രമണം ഉണ്ടായി. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തിന് മറുപടിയെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ ഇസ്‌റാഈലിലെ ബീര്‍ഷെബയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

ആക്രമണങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഹമാസനിനെന്നാണ് ഇസ്‌റാഈല്‍ വാദിക്കുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം ഹമാസ് തള്ളിക്കളയുകയും ചെയ്തു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ദീര്‍ഘകാല സമാധാന പദ്ധതിയെ അവതാളത്തിലാക്കുകയാണ് ഇതിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യമാക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.