ഏഴു വയസ്സുകാരിയുടെ കൊലപാതകം: പരമ്പര കൊലയാളിയെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി

Posted on: October 17, 2018 6:33 pm | Last updated: October 17, 2018 at 6:33 pm

ലാഹോര്‍: ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി പരമ്പര കൊലകള്‍ നടത്തിയയാളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. ഇമ്രാന്‍ അലി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. പാക്കിസ്ഥാനില്‍ കോലിളക്കം സൃഷ്ടിച്ച ഏഴ് വയസ്സുകാരിയുടെ മാനഭംഗ കൊലപാതകത്തിലാണ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നത്. പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബാലികയുടെ പിതാവിന്റെ ആവശ്യം കോടതി തള്ളിയതിനാല്‍ ലാഹോറിലെ ജയിലില്‍ ബുധനാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷ്യം വഹിക്കാം പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ജയിലില്‍ എത്തിയിരുന്നു. പ്രതിയുടെ സഹോദരനും രണ്ട് സുഹൃത്തുക്കളും സാക്ഷ്യം വഹിക്കാനുണ്ടായിരുന്നതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരിയിലാണ് ഇമ്രാന്‍ അലിയെ അറസ്റ്റ് ചെയ്തത്. ഏഴ് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് ചവറ്റുകൊട്ടയില്‍ തള്ളുകയായിരുന്നു. കസൂറിലെ ചവറ്റുകൊട്ടയിലാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായതോടെ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സമാനമായ ഒന്‍പത് കേസുകള്‍ തെളിഞ്ഞത്.