സുഹൃത്തിന്റെ ചെവി കടിച്ചുമുറിച്ചു; പാക് പൗരനെതിരെ കേസ്

Posted on: October 17, 2018 5:22 pm | Last updated: October 17, 2018 at 5:22 pm

ദുബൈ: സുഹൃത്തിന്റെ ചെവി കടിച്ചുമുറിച്ച 22 കാരനായ പാകിസ്ഥാന്‍ പൗരനെതിരെ കേസ്. സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ 28കാരനാണ് പ്രകോപിതനായി ചെവി കടിച്ചത്. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇവര്‍ ഒരു സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുന്നതിനായി 500 ദിര്‍ഹം അഡ്വാന്‍സ് കൈപ്പറ്റി. ബാക്കി പണം ബോര്‍ഡ് സ്ഥാപിച്ച ശേഷം നല്‍കാമെന്നായിരുന്നു ധാരണ. സംഭവ ദിവസം ബോര്‍ഡ് സ്ഥാപിച്ചശേഷം തിരികെ വീട്ടിലെത്തിയെങ്കിലും രണ്ട് പേരും പണം വാങ്ങിയിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചതാണ് തര്‍ക്കമായത്.

സുഹൃത്ത് പണം വാങ്ങിയെന്ന സംശയത്താല്‍ പ്രതി അയാളെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ കൈയ്യാങ്കളിലെത്തി. പ്രതി സുഹൃത്തിനെ മര്‍ദിക്കുകയും പിന്നീട് കൈയ്യില്‍ കടിക്കുകയുമായിരുന്നു. ഇതിനും ശേഷമാണ് ചെവി കടിച്ചുമുറിച്ചത്. ചെവിയുടെ മുകള്‍ഭാഗം പൂര്‍ണമായും അറ്റുപോയി. ഇത് ചികിത്സിച്ച് നേരെയാക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.