Connect with us

Kerala

മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് ഒക്ടോബര്‍ 19,20, 21 തീയതികളില്‍

Published

|

Last Updated

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് യൂത്ത് സര്‍ക്യൂട്ടിന്റെയും മര്‍കസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് വെള്ളിയാഴ്ച (ഈ മാസം 19 ) ആരംഭിക്കും. മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന സമ്മിറ്റില്‍ ദേശീയ, അന്താരാഷ്ട്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യൂത്ത് യുനൈറ്റഡ് സമ്മിറ്റില്‍ ആഗോള പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അജ്മാന്‍ രാജകുടുംബാംഗവുമായ ശൈഖ് അബ്ദുല്‍ അസീസ് അലി ബിന്‍ റാഷിദ് അല്‍ നുഐമി (യു.എ.ഇ), മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം, പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും അര്‍മേനിയ അംബാസിഡറുമായ ദീപക് വോഹ്‌റ, നയതന്ത്ര വിദഗ്ധന്‍ മണി ശങ്കര്‍ അയ്യര്‍, സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പഞ്ചാബ് ടൂറിസം മന്ത്രി നവ്‌ജോത് സിംഗ് സിദ്ദു, മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിക്കും. യു.എന്‍ ആക്ടിവിസ്റ്റ് റെഹാന്‍ ടഡ്ബാള്‍, ആസിയാന്‍ യൂത്ത് പ്രതിനിധി ഡൊമിനിക് വെര്‍ജില്‍, എഴുത്തുകാരായ അര്‍ഷ് കിരണ്‍ സന്ധു, ഗുര്‍മീഹര്‍ കൗര്‍, ഗുരുമേഹര്‍ കൗര്‍, ദേശീയരംഗത്തെ യുവനേതാക്കളായ സോറവാര്‍ സിംഗ്, കൃഷ്ണ അല്ലാവരു തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച മുപ്പത് പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ഫിജി, യു.കെ, മാലിദ്വീപ്, ചൈന, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റ് ഞായറാഴ്ച സമാപിക്കും. പതിനൊന്ന് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര സമാധാനം, അന്താരാഷ്ട്ര നീതി, രാഷ്ട്ര സുരക്ഷ, തീവ്രവാദം, മനുഷ്യാവകാശ ലംഘനം, റോഹിന്‍ഗ്യന്‍ ജനതയുടെ ഭാവി, ജനാധിപത്യ രാജ്യങ്ങളിലെ ആവിഷ്‌കാര സ്വാതന്ത്ര്യം, മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികള്‍, ആഗോള കുടിയേറ്റത്തിന്റെ സാധ്യതകള്‍, ഐക്യരാഷ്ട്ര സഭയുടെ പൊതുകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ യൂത്ത് സമ്മിറ്റാണിത്. നയതന്ത്ര മുന്നേറ്റങ്ങളും അന്തരാഷ്ട്ര ബന്ധങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഐക്യരാഷ്ട്ര സഭ സ്വീകരിക്കുന്ന രീതിശാസ്ത്രങ്ങളും സമീപനങ്ങളും പ്രതിഭാശാലികളായ യുവാക്കളിലേക്ക് വിനിമയം ചെയ്യുക എന്നതാണ് മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റിന്റെ ലക്ഷ്യം. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമാധാനം സാധ്യമാക്കാനും ശേഷിയുള്ള യുവനേതൃത്വത്തെ വളര്‍ത്തുക എന്നതും സമ്മിറ്റിന്റെ പ്രത്യേകതയാണ്. യൂത്ത് സമ്മിറ്റ് സെക്രട്ടറി ജനറല്‍ സഈദ് മുഹമ്മദ് ബിന്‍ നാഷിദ്, മുഖ്യ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ എന്നിവര്‍ സമ്മേളനത്തെ അഭിമുഖീകരിക്കും.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ഉദ്ഘാടനച്ചടങ്ങ് നടക്കും. തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഉപസമിതികളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന സെഷനുകളില്‍ ഏഴ് കമ്മിറ്റികളിലായാണ് പരിപാടി നടക്കുക. ശനിയാഴ്ച വിവിധ അക്കാദമിക ചര്‍ച്ചകള്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ഹൈ ഡിപ്ലോമസി അവാര്‍ഡ്, ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ്, ബെസ്റ്റ് നേഗൊഷിയേറ്റര്‍ അവാര്‍ഡ് എന്നിവ നല്‍കും. ഞായറാഴ്ച നടക്കുന്ന സമാപനച്ചടങ്ങില്‍ പുതിയ കാലത്തെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് “ഗ്രീന്‍ ശൈഖ്” എന്ന പേരില്‍ പ്രശസ്തനായ ശൈഖ് അബ്ദുല്‍ അസീസ് അലി ബിന്‍ റാഷിദ് അല്‍ നുഐമി പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് നേരത്തേ രജിസ്റ്റര്‍ ചെയ്ത യുവപ്രതിഭകള്‍ക്കാണ് സമ്മിറ്റില്‍ പ്രവേശനം.

മര്‍കസ് നോളജ് സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസന്‍, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് അഡൈ്വസര്‍ കെ. കെ ശമീം കല്‍പേനി, മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അബൂബക്കര്‍ സിദ്ധീഖ്, മര്‍കസ് മീഡിയ കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ കരുവാരക്കുണ്ട് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest