Connect with us

Kerala

കളിക്കുന്നത് വോട്ട് ബേങ്ക് രാഷ്ട്രീയം; അതിനു ഞങ്ങളില്ല: വെള്ളാപ്പള്ളി

Published

|

Last Updated

ചേര്‍ത്തല: സ്ത്രീപ്രവേശ വിഷയത്തിന്റെ പേരില്‍ ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതു താങ്ങാനുള്ള ശേഷി പ്രളയാനന്തര കേരളത്തിനില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരും സര്‍ക്കാരും കൂട്ടായ ചര്‍ച്ചകള്‍ നടത്തണമെന്നും എസ് എന്‍ ഡി പി നേതൃയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എസ് എന്‍ ഡി പി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ രീതികളെ അംഗീകരിക്കില്ലെന്നും നേതൃയോഗത്തിനു ശേഷം വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ താന്‍ മലക്കം മറിഞ്ഞിട്ടില്ല. എസ് എന്‍ ഡി പി യോഗം ഭക്തര്‍ക്കൊപ്പമെന്നാണു നേരത്തേയും പറഞ്ഞത്. എന്നാല്‍, നിയമം നടക്കുകയും വേണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നാഥനില്ലാതെ പലയിടങ്ങളിലും കുടിലുകെട്ടി നടക്കുന്നത് ശബരിമലയെ നന്നാക്കാനുള്ളതല്ല. ചിലരുടെ വാശി മാത്രമാണ്. രാഷ്ട്രീയപ്രേരിതവും വോട്ടു ലക്ഷ്യമിട്ടിട്ടുള്ളതുമായ സമരങ്ങളെ അംഗീകരിക്കില്ല. നിലയ്ക്കലില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നു. ആരൊക്കെയാണു നേതാക്കളെന്നു പിടിയില്ല.

വോട്ട് ബാങ്ക് രാഷ്ട്രീയമാണു കളിക്കുന്നത്. അതിനു ഞങ്ങളില്ല. പ്രത്യക്ഷ സമരത്തിനോ സമരത്തിനെതിരായ പ്രതിരോധത്തിനോ യോഗം ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. േചര്‍ത്തല അശ്വനി റെസിഡന്‍സിയില്‍ നടന്ന നേതൃയോഗത്തില്‍ പ്രസിഡന്റ് എം എന്‍ സോമന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പ്രസംഗിച്ചു.

Latest