മീടു: നടന്‍ അലന്‍സിയറിനെതിരെ ആരോപണമുന്നയിച്ചത് താനെന്ന് നടി ദിവ്യ ഗോപിനാഥന്‍

Posted on: October 16, 2018 8:18 pm | Last updated: October 16, 2018 at 8:20 pm

കൊച്ചി: മീടു കുരുക്കില്‍ നടന്‍ അലന്‍സിയര്‍ ലെ ലോപ്പസും. കഴിഞ്ഞ ദിവസം നടനെതിരെ ആരോപണമുന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി നടി ദിവ്യാ ഗോപിനാഥ് രംഗത്ത് വന്നു. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് പേര് വെളിപ്പെടുത്താതെ അലന്‍സിയറിന് എതിരെ ആരോപണംവന്നത്. എന്നാല്‍ പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ആക്ഷേപം വന്നതോടെ നടി ദിവ്യ ഗോപിനാഥ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

ആഭാസം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. പ്രലോഭന ശ്രമങ്ങളുമായി വന്ന അലന്‍സിയര്‍ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ച് മുറിയില്‍ കയറിവന്നെന്നും ദിവ്യ വെളിപ്പെടുത്തി. സംഭവത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ സി സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, ദിവ്യയുടെ പരാതി അര്‍ധസത്യമാണെന്ന് അലന്‍സിയര്‍ പ്രതികരിച്ചു. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയതെന്നും മദ്യലഹരിയില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നത് നേരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്നു തന്നെ അവരോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അലന്‍സിയര്‍ വ്യക്തമാക്കി.