ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം

Posted on: October 15, 2018 11:49 am | Last updated: October 16, 2018 at 10:01 am

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി ഒപ്പിടണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യ ഹരജിയെ കോടതിയില്‍ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍ത്തില്ല.

കന്യാസ്ത്രീകളില്‍ ഏഴ് പേരുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി ബിഷപ്പിനോട് ആവശ്യപ്പെട്ടു. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ബിഷപ്പിന് കേരളം വിടേണ്ടി വരും. വിചാരണ നടപടികള്‍ നേരിടാന്‍ മാത്രമെ അദ്ദേഹത്തിന് കേരളത്തിലെത്താനാകു.