ഇന്ധന വില വര്‍ധന: പ്രധാനമന്ത്രി ഇന്ന് എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

Posted on: October 15, 2018 10:55 am | Last updated: October 15, 2018 at 12:33 pm

ന്യൂഡല്‍ഹി: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും. ഇന്ധന വിലയില്‍ രണ്ടര രൂപയുടെ കുറവ് വരുത്തിയെങ്കിലും ചില്ലറ വില്‍പ്പനമേഖലയില്‍ ഇന്ധന വില അടിക്കടി ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വാതക പര്യവേക്ഷണം, ഉത്പാദനമേഖലകളിലെ നിക്ഷേപം എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ധന വില ഇനിയും ഉയരാം. ഈ സാഹചര്യത്തിലാണ് ആഗോളതലത്തിലേയും ഇന്ത്യയിലേയും എണ്ണക്കമ്പനി മേധാവികളുമായി മോദി ചര്‍ച്ചക്കൊരുങ്ങുന്നതെന്ന് വാര്ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ടര രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. എക്‌സൈസ് തീരുവയില്‍ ഒന്നര രൂപയുടെ കുറവും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറക്കുകയായിരുന്നു. എന്നാല്‍ എണ്ണ വില വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്താനിരിക്കുന്നത്.