Connect with us

Kerala

എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

Published

|

Last Updated

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (77) അന്തരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം അണ്ടിക്കാടന്‍ കുഴിയില്‍ പണ്ഡിത കുടുംബത്തിലണ് ജനനം. പിതാവ് അണ്ടിക്കാടന്‍ കുഴിയില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍.
നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം പത്താം വയസ്സില്‍ തലശ്ശേരി മട്ടാമ്പുറം പള്ളി ദര്‍സില്‍ ചേര്‍ന്നു. തന്റെ പിതൃവ്യനും പ്രശസ്ത പണ്ഡിതനുമായ എ കെ കുഞ്ഞറമുട്ടി മുസ്‌ലിയാരായിരുന്നു അന്നവിടെ മുദര്‍രിസ്. തുടര്‍ന്ന് കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ (ഇരുമ്പുചോല ദര്‍സ്), ഒ കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ചാലിയം ദര്‍സ്) എന്നിവരുടെ കീഴില്‍ പഠിച്ചു. 1968ല്‍ പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഔപചാരിക ഭൗതിക പഠനം അഞ്ചാം തരമാണ്. എങ്കിലും സ്വപരിശ്രമം കൊണ്ട് ഗോളശാസ്ത്രമുള്‍പ്പെടെ പല വിഷയങ്ങളിലും അവഗാഹം നേടി ഗ്രന്ഥരചന നടത്തി.

കൊണ്ടോട്ടിക്ക് സമീപം ഒളവട്ടൂരിലായിരുന്നു ആദ്യ ദര്‍സ്. മൂന്ന് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ച ശേഷം ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച്, അദ്ദേഹത്തിന്റെ നാടായ പുത്തൂപാടത്തെ ദര്‍സില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷമായിരുന്നു അവിടുത്തെ സേവനകാലം. തുടര്‍ന്ന് കടമേരി റഹ്മാനിയ കോളജ്, പേരാമ്പ്ര പന്തരിക്കര, രാമനാട്ടുകര ചമല്‍ മസ്ജിദ് , തിരൂര്‍ നടുവിലങ്ങാടി ദര്‍സുകളില്‍ സേവനം ചെയ്തു. മൗലാനാ എം എ ഉസ്താദിന്റെ ക്ഷണപ്രകാരം 1986ല്‍ ജാമിഅ സഅദിയ്യയില്‍ മുദര്‍രിസായി ചാര്‍ജെടുത്തു. കാല്‍ നൂറ്റാണ്ടായി സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2015 മാര്‍ച്ച് മുതല്‍ മുശാവറ വൈസ് പ്രസിഡന്റായിരുന്നു. സമസ്ത പിളര്‍പ്പിന്റെ സമയത്ത് എ പി ഉസ്താദിനോടൊപ്പം ഉറച്ചുനിന്നവരില്‍ പ്രധാനിയായിരുന്നു. നിരവധി ശിഷ്യന്‍മാരുണ്ട്.

ഭാര്യ: ഫാത്വിമ സഹ്‌റ, പരേതയായ ആഇശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ് (അജ്മാന്‍), അബ്ദുല്‍ വാഹിദ് സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബൈ), റബിഅ, റാഫിദ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍ പാടം). സഹോദരന്‍മാര്‍: എ കെ മഹ്മൂദ് മുസ്‌ലിയാര്‍, പരേതനായ എ കെ വി മൊയ്ദീന്‍ മുസ്‌ലിയാര്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് 12 മണിക്ക് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ജുമുഅ മസ്ജിദില്‍.

---- facebook comment plugin here -----

Latest