ഇറാനിലെ ഭരണമാറ്റത്തിന് അമേരിക്ക ഗൂഢതന്ത്രങ്ങള്‍ മെനയുന്നു: ഇറാന്‍

Posted on: October 14, 2018 10:09 pm | Last updated: October 14, 2018 at 10:09 pm

തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റത്തിനാണ് അമേരിക്ക ഗൂഢതന്ത്രങ്ങള്‍ മെനയുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇറാന്‍ സ്റ്റേറ്റ് ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികമായും സാമ്പത്തികമായും മനശ്ശാസ്ത്രപരമായും അമേരിക്ക ഇറാനെതിരെ യുദ്ധം നടത്തുന്നു. ഇറാന്റെ ഇസ് ലാമിക് റിപ്പബ്ലിക്കിന്റെ നിയമസാധുത ചോദ്യംചെയ്യുന്നു.

ഇറാനിലെ ഭരണമാറ്റത്തിനും അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു സംവിധാനത്തിന്റെ നിയമസാധുത കുറച്ചുകൊണ്ടുവരിക എന്നതാണ് അവരുടെ അവസാനത്തെ ലക്ഷ്യം. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണമാറ്റം വേണമെന്നാണ് ഇതിലൂടെ അവര്‍ താത്പര്യപ്പെടുന്നതെന്നും റൂഹാനി പറഞ്ഞു.

കഴിഞ്ഞ മെയില്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം പുറത്തുപോയിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളല്‍ വീണിട്ടുണ്ട്.