Connect with us

Kerala

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി; ആവേശത്തില്‍ പറഞ്ഞുപോയതാണ്

Published

|

Last Updated

കൊല്ലം: ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ കൊല്ലം തുളസി. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും ആവേശത്തില്‍ പറഞ്ഞുപോയതാണെന്നും കൊല്ലം തുളസി ചാനലുകളോട് പറഞ്ഞു. ജഡ്ജിമാര്‍ ശുംഭന്മാരാണെന്ന് പറഞ്ഞിട്ടില്ല. വിവാദ പ്രസ്താവനകള്‍ പിന്‍വലിക്കുന്നു. തെറ്റ് ബോധ്യമായെന്നും മാപ്പ് പറയുന്നതായും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ കൊല്ലം തുളസിക്കെതിരെ നേരത്തെ, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ചവറയില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണറാലിയില്‍ സംസാരിക്കവേയാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. മലകയറാന്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്്കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയിലെത്തണം. ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം.

Latest