കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം; ഇത്തവണ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തല്‍ നടത്തിയത്

Posted on: October 12, 2018 4:00 pm | Last updated: October 12, 2018 at 6:46 pm

ന്യൂഡല്‍ഹി: മീ ടു ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും ഒടുവില്‍ എംജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പത്രപ്രവര്‍ത്തന പരിശീലന കാലത്ത് അക്ബര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

നേരത്തെ, ഏഴ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം ജെ അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ വേറെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമാന ആരോപണങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

അതിനിടെ, എം ജെ അക്ബറിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ രംഗത്തെത്തി. വിഷയത്തില്‍ എം ജെ അക്ബര്‍ പ്രതികരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എം ജെ അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആരോപണമുയര്‍ന്നത്. വിദേശത്തുള്ള അദ്ദേഹത്തോട് തിരികെയെത്താന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ്, അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എം ജെ അക്ബര്‍ ഇപ്പോള്‍ നൈജീരിയന്‍ പര്യടനത്തിലാണ്.