Articles
പെണ്ണിനെ ഇര മാത്രമല്ല, ചട്ടുകവുമാക്കുന്നു

പ്രബുദ്ധരുടെ നാടാണ് കേരളം എന്നാണ് പൊതുവായൊരു വിലയിരുത്തല്‍. സത്യവും അര്‍ധ സത്യവും കൂടിക്കലര്‍ന്ന ഒരു വസ്തുത ഈ ധാരണക്കടിസ്ഥാനമായുണ്ട്. എന്നാലിപ്പോള്‍ മലയാളി ആര്‍ജിച്ചു എന്നവകാശപ്പെടുന്ന എല്ലാ മൂല്യങ്ങളില്‍ നിന്നും തിരിഞ്ഞു നടക്കാനുള്ള വ്യഗ്രതയിലാണ് സഞ്ചരിക്കുന്നത്. മതേതരത്വം എന്ന വര്‍ഗീയരഹിതമായി ചിന്തിക്കുന്ന ആശയത്തിന് വലിയ കോട്ടം തട്ടാത്ത ഒരിടം തന്നെയാണ് കേരളം. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്നതും കേരളത്തില്‍ തന്നെയാണ്. മറ്റു പലയിടത്തും ഈ വര്‍ഗീയവത്കരണ ലക്ഷ്യം പരീക്ഷിച്ച് വിജയത്തിലെത്തി നില്‍ക്കുകയുമാണ്. മലയാളിയെ വീഴ്ത്താന്‍ കളികളേറെ കളിച്ചിട്ടും പരാജയം രുചിച്ച് തല്‍ക്കാലം പിന്‍വാങ്ങാനേ വര്‍ഗീയതയുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ആയിട്ടുള്ളൂ. വീണു കിട്ടുന്ന പല എല്ലിന്‍ കഷ്ണങ്ങളുടേയും പിറകേ പാഞ്ഞു നോക്കാഞ്ഞിട്ടല്ല. മുമ്പെന്നോ ഇവിടെ കയറിക്കൂടിയ നവോത്ഥാനത്തിന്റെ ബാധയകറ്റാന്‍ അഭിനവ കുട്ടിച്ചാത്തന്മാര്‍ക്കൊന്നും അത്ര പെട്ടെന്ന് കഴിയുന്നില്ല. എന്നുവെച്ച് വെറുതെ റോഡില്‍ കിടക്കുന്ന എല്ലിന്‍ കഷ്ണങ്ങളെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകാന്‍ മതേതര വേട്ടക്കിറങ്ങിയവര്‍ക്ക് ആവുന്നുമില്ല. അതുകൊണ്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും വന്ന വിധിക്കെതിരേയും തെരുവില്‍ “ഭക്തജന”സമരം നടക്കുന്നത്.
ഈ സമരത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത എന്നത് സ്ത്രീകളെ സ്ത്രീകള്‍ക്കെതിരെത്തന്നെ രംഗത്തിറക്കാന്‍ സമരക്കാര്‍ക്കാവുന്നു എന്നതാണ്. അതിലേറെ ഇതില്‍ അടങ്ങിയ വിചിത്രതയെന്നത് സുപ്രീം കോടതി പറഞ്ഞ വിധിക്കെതിരെയുള്ള സമരം കേരളത്തിലെ ഇടതു ഭരണത്തിനെതിരെ തിരിച്ചുവിടാനും ആകുന്നു എന്നതുകൂടിയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആകാമോ എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്. ബന്ധപ്പെട്ടവര്‍ക്ക് അതില്‍ യുക്തമായ തീരുമാനവും എടുക്കാം. പക്ഷേ, തീരുമാനത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത് കൊണ്ടാണല്ലോ വിഷയം കോടതിയില്‍ എത്തുന്നത്? കോടതിയില്‍ എത്തിയ സ്ഥിതിക്ക് പരമോന്നത നീതിപീഠത്തിന്റെ അന്തിമ തീര്‍പ്പ് വരെ കാത്തിരിക്കലും സ്വാഭാവികമാണ്. വിധി എന്തായാലും അത് നടപ്പാക്കിക്കൊടുക്കലാണ് ഉത്തരവാദപ്പെട്ട ജനാധിപത്യ സര്‍ക്കാറുകളുടെ ദൗത്യം. അതിനു വേണ്ട നടപടികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാറിനെതിരെ സാമുദായിക വികാരം ഇളക്കിവിട്ടു കൊണ്ടുള്ള സമരത്തിന് ഇറങ്ങിപ്പുറപ്പെടുകയെന്നാല്‍ വിധിയോടുള്ളതിലേറെ എതിര്‍പ്പ് വിധിനടപ്പാക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാറിനോടെതിരായിട്ടാണ് എന്നു തന്നെയാണര്‍ഥം.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ കെട്ടിച്ചമച്ച ഒന്നായിരുന്നു പ്രമാദമായ ചാരക്കേസെന്ന് ഏതാണ്ടെല്ലാവര്‍ക്കും ബോധ്യമായ ഒന്നാണല്ലോ? ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളും വലിയ പത്രമുതലാളിയും ഇതില്‍ നടത്തിയ ചരടുവലികളും അതിന് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരുമൊക്കെ അവരുടെ പൊയ്മുഖം കേരളീയ സമൂഹത്തിന് മുമ്പില്‍ തുറന്നു കാട്ടപ്പെട്ട് മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ തല താഴ്ത്തി നില്‍ക്കുകയാണല്ലോ? അപ്പോഴും ഇവര്‍ നടത്തിയ ചതി പ്രവര്‍ത്തനത്തിന്റെ ഫലമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കിയാണ് പിണറായി സര്‍ക്കാര്‍ കാലവിളംബം കൂടാതെ വിധി നടപ്പാക്കിയത്. ശരിക്കും ഈ നഷ്ടപരിഹാര തുക ഈടാക്കേണ്ടിയിരുന്നത് ചാരക്കേസ് മെനയുകയും അതനുസരിച്ച് നമ്പി നാരായണ നടക്കമുള്ളവരെ ദ്രോഹിക്കുകയും ചെയ്തവരില്‍ നിന്നാവേണ്ടതായിരുന്നുവല്ലോ. അതൊന്നും കണക്കാക്കാതെ വിധി നടപ്പാക്കിയ സര്‍ക്കാര്‍ നിയമസംഹിതയോടുള്ള അതിന്റെ കടമയും ബാധ്യതയുമാണ് നിറവേറ്റിയത്.
പറഞ്ഞുവരുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുടെ കാര്യത്തിലും ഒരു ജനാധിപത്യ മതേതര സര്‍ക്കാറിന് മറിച്ചൊന്നും ചെയ്യാനില്ല എന്നാണ്. അപ്പോള്‍ ഇപ്പോള്‍ ആര്‍ എസ് എസും എന്‍ എസ് എസും അവരുടെ ചട്ടുകമായി കോണ്‍ഗ്രസും അവര്‍ക്ക് പിന്തുണയായി വിശ്വാസ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ലീഗും കുഞ്ഞാലിക്കുട്ടിയുമൊക്കെ സ്ത്രീകളെ തെരുവിലിറക്കി സമരം ആളിക്കത്തിക്കുന്നത് പഴയ വിമോചന സമരം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഈ കുത്സിത ബുദ്ധിക്കാര്‍ ഒന്നോര്‍ക്കുന്നത് നന്നാവും. 1957ലെ വിമോചന സമരത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിന്ന് സര്‍ക്കാറിനെതിരെ സമരം നയിച്ച കത്തോലിക്കാ സഭക്കാര്‍ അന്ന് തുരുപ്പ് ചീട്ടായി എടുത്തുപയോഗിച്ചത് കര്‍ത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രീകളെയായിരുന്നുവല്ലോ? പക്ഷേ, കാലം തിരിഞ്ഞ് കുത്തി ആ സഭക്കെതിരെ അതിന്റെ സ്വന്തം സന്തതികളായ കര്‍ത്താവിന്റെ മണവാട്ടികള്‍ തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ തെരുവുകളെ സമരോത്സുകമാക്കിയത് നമുക്ക് കാണേണ്ടി വന്നു. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാന്‍ സഭയും സംഘവും ഭീഷണികളക്കം പയറ്റിയിട്ടും നിയമത്തിന് മുമ്പില്‍ പരാജയപ്പെടേണ്ടി വന്നു.
ഈ ശബരിമല പ്രശ്‌നം പിണറായി സര്‍ക്കാറിന്റെ സൃഷ്ടിയാണെന്ന തരത്തില്‍ വ്യാഖ്യാനിച്ച് വിശ്വാസത്തിന്റെ പേരില്‍ ഹിന്ദു സ്ത്രീകളെ ഇടതുപക്ഷ സര്‍ക്കാറിനെതിരെ ആയുധമാക്കുന്ന സകല സംഘടനകള്‍ക്കും എതിരെ ആ സംഘത്തില്‍ നിന്നു തന്നെ എതിര്‍പ്പ് വരാനിരിക്കുന്നതേയുള്ളൂ. കോടതി വിധിക്കെതിരെയാണ് സമരമെങ്കില്‍ എന്തുകൊണ്ട് മുദ്രാവാക്യങ്ങള്‍ കോടതിക്കെതിരാവുന്നില്ല? അല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വത്തിന്റെ സ്വന്തമായ ബി ജെ പിക്ക് ഈ വിഷയത്തില്‍ ഒരു നിയമ നിര്‍മാണം കൊണ്ടുവന്ന് ഇവര്‍ പറയുന്ന വിശ്വാസം രക്ഷിച്ചു കൂടേ? അപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല. ഇനി ബി ജെ പിക്കാര്‍ സമരരംഗത്തിറങ്ങുന്നത് നമുക്ക് മനസ്സിലാക്കാം. അവര്‍ക്ക് കേരളത്തില്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയവത്കരണവുമാണ് ലക്ഷ്യം. പക്ഷേ, ഈ തീക്കളിക്ക് ചൂട്ടു പിടിക്കുന്ന ചെന്നിത്തലയും എന്‍ എസ് എസും അവരുടെ പിന്നില്‍ ലീഗുമെല്ലാം അണിനിരക്കുന്നുവെങ്കില്‍ ഈ അപകടം പ്രബുദ്ധ മലയാളിക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാകും.
കേരളത്തില്‍ സാമുദായിക വികാരം ഇളക്കിവിടാന്‍ സ്ത്രീകളില്‍ ഒരു വിഭാഗത്തെ മുന്നില്‍ നിറുത്തി കൊണ്ട് സ്ത്രീകള്‍ക്കെതിരേ തന്നെ നടത്തുന്ന ഈ സമരാഭാസത്തെ കേരളത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക ബോധം ചെറുക്കു തോല്‍പ്പിക്കുമെന്നു തന്നെ കരുതാം.