Connect with us

National

മോദി ഇന്ത്യയുടെയല്ല, അനില്‍ അംബാനിയുടെ പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അഴിമതിക്കാരനാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. മോദി ഇന്ത്യയുടെയല്ല, അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്ന് തെളിഞ്ഞതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥ വെച്ചിരുന്നതായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

മോദി അംബാനിയുടെ പണിക്കാരനാണ്. റാഫേല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം. റഫാല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് താന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇക്കാര്യം വളരെ വ്യക്തമാണ്. അഴിമതിക്കെതിരെ അദ്ദേഹം വലിയ പ്രചാരണം നടത്തുമ്പോള്‍ ദുഖം തോന്നുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും കൂടുതല്‍ പ്രയാസങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. റാഫേല്‍ ഇടപാടു ലഭിക്കണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയായി പരിഗണിക്കണമെന്നത് “നിര്‍ബന്ധിതവും അടിയന്തരവുമായ” വ്യവസ്ഥയായി ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട്.
റാഫേല്‍ വിമാന നിര്‍മാണക്കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ് വിവരം പുറത്തായത്. 58,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഫ്രാന്‍സുമായി ഇന്ത്യ കരാറൊപ്പിട്ടത്.
റാഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് വെളിപ്പെടുത്തലുണ്ടായത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയതോടെയാണ് റാഫേല്‍ ചൂടുപിടിച്ചത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ഒലോന്‍ദിന്റെ വെളിപ്പെടുത്തല്‍.
ആരോപണങ്ങള്‍ റിലയന്‍സ് നിഷേധിച്ചിരുന്നു. വിദേശ കമ്പനിയാണ് അവയുടെ ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. പ്രതിരോധ വകുപ്പിന് ഇതില്‍ യാതൊരു പങ്കുമില്ല. ആയുധ ഇടപാടുകളുടെ നടപടിക്രമത്തില്‍ 2005 ല്‍ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തിയത്. അതുപ്രകാരം വിദേശ കമ്പനിക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്.

കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച് എ എല്‍, ബി ഇ എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ അടക്കം നൂറോളം ഇന്ത്യന്‍ കമ്പനികള്‍ക്കാണ് കരാര്‍ ലഭിക്കുന്നതെന്നുമാണ് റിലയന്‍സ് നിലപാട്.